മുംബൈ: നീലച്ചിത്രങ്ങളില്‍ നിര്‍മാണ രംഗത്ത് നിന്ന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍. കേസിലെ പ്രധാനപ്രതിയാണ് രാജ് കുന്ദ്ര. രാജ് കുന്ദ്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത്  പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകള്‍ക്കെതിരെയുള്ള പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്. 

കേസുമായി ബന്ധപ്പെട്ട് പോലീസ് കുന്ദ്രയെ വിളിപ്പിച്ചിരുന്നു. ആരോപണവിധേയനായ വ്യക്തിയുടെ വെബ് സീരീസുകളുമായി തനിക്ക് ബന്ധമില്ലെന്നും മേല്‍പ്പറഞ്ഞ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയില്‍ നിന്ന് താന്‍ പുറത്ത് കടന്നുവെന്നും കുന്ദ്ര പോലീസിന് മൊഴിനല്‍കി. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം അന്ന് സമര്‍പ്പിച്ചിരുന്നു.

കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടാക്കാമെന്നും പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Raj Kundra arrest WhatsApp chats reveal huge money was earned through porn films