മുംബൈ: നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം. ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്ന് പോലീസ് പറയുന്നു.

വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് പരിശോധിക്കും.

ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറയുന്നു.

മാധ് ഐലന്റെില്‍ ഫെബ്രുവരി 4 ന് പോലീസ് നടത്തിയ റെയ്ഡാണ് രാജ് കുന്ദ്രയിലേക്ക് വിരല്‍ ചൂണ്ടിയത്. റെയ്ഡില്‍ വിവസ്ത്രരായ രണ്ടു വ്യക്തികളും അഞ്ചോളം വരുന്ന സഹായികളും ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നത് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെ പോലീസ് അവിടെ നിന്ന് രക്ഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണം അടുത്തഘട്ടത്തിലെത്തിയപ്പോള്‍ രാജ്കുന്ദ്രയുടെ പങ്ക് വ്യക്തമായെന്ന് പോലീസ് പറയുന്നു. തുടര്‍ന്നാണ് ജൂലൈ 19 ന് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. 

Content Highlights: Raj kundra arrest, Police Raid Raj Kundra's House, Find Server70 Porn Films Shot