രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെ എന്ന ചിത്രത്തിനായി അന്തരിച്ച ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫാസ്റ്റ് നമ്പറായൊരുക്കിയ ​ഗാനം ഇതിനോടകം തന്നെ തരം​ഗമായി മാറുകയും ചെയ്തു. 

വളരെ വൈകാരികമായിട്ടായിരുന്നു ഗാനത്തോട് രജനികാന്ത് പ്രതികരിച്ചത്. അണ്ണാത്തെ എന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍, ഇത് എസ്‍പിബി തനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമാണെന്ന് സ്വപ്‍നത്തില്‍ പോലും കരുതിയിരുന്നില്ല എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്. 

"45 വര്‍ഷമായി എന്റെ ശബ്‍ദമായിരുന്നു എസ്‍പിബി.  അണ്ണാത്തെ എന്ന ചിത്രത്തില്‍ പാട്ടിന്റെ ചിത്രീകരണ വേളയിൽ അത് അദ്ദേഹം എനിക്ക് വേണ്ടി പാടുന്ന അവസാന ഗാനമായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എസ്‍പിബി അദ്ദേഹത്തിന്റെ മധുര ശബ്‍ദത്തിലൂടെ എന്നന്നേയ്‍ക്കും ജീവിക്കും ... "​രജനിയുടെ ട്വീറ്റിൽ പറയുന്നു.

ഡി. ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ വിവേകയുടേതാണ്. സിരുത്തെ ശിവയാണ് അണ്ണാത്തെ സംവിധാനം ചെയ്യുന്നത്. 

നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

Content Highlights : Raj​Inikanth pens emotional note about SPB Annaatthe movie song