ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂറിനും സണ്ണി ഡിയോളിനുമെതിരേ കേസ് ഫയല്‍ ചെയ്ത് റെയില്‍വേ കോടതി.  സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന്റെ പേരിലാണ് സണ്ണി ഡിയോളിനും കരിഷ്മ കപൂറിനുമെതിരേ റെയില്‍വേ കോടതി കേസ് എടുത്തിരിക്കുന്നത്. 20 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

റെയില്‍വേ കോടതി തീരുമാനത്തിനെതിരേ താരങ്ങള്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എ.കെ ജയിന്‍ മാധ്യമങ്ങളെ അറിയിച്ചു.1997ല്‍ പുറത്തിറങ്ങിയ 'ബജ്റംഗ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വച്ച് 2413-എ അപ്ലിങ്ക് എക്സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് കേസ്. 

ഇരുവര്‍ക്കുമെതിരേ 2009ലാണ് ആദ്യമായി കേസ് എടുക്കുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ ഇതിനെതിരേ സെഷന്‍സ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരേ വീണ്ടും കേസെടുക്കുകയായിരുന്നുവെന്നും  എ.കെ ജയിന്‍ പറയുന്നു

സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും പുറമേ സ്റ്റണ്ട് മാസ്റ്റര്‍ ടിനു വര്‍മ, സതീഷ് ഷാ എന്നിവര്‍ക്കെതിരെയും റെയില്‍വേ കോടതി 2009ല്‍ സമാനമായ കേസ് എടുത്തിരുന്നു. എന്നാല്‍ ഇവര്‍ ഇതിന്റെ പേരില്‍ സെസഷന്‍സ് കോടതിയെ സമീപിച്ചിരുന്നില്ല. സെപ്റ്റംബര്‍ 24നാണ് കേസില്‍ റെയില്‍വേ കോടതി വീണ്ടും പരിഗണിക്കുക.

1997ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ ആക്ടിലെ 141, 145, 146, 147 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസ് എടുക്കുകയായിരുന്നു. 

Content Highlights : Railway framed charges Against Karishma Kapoor And Sunny Deol For Pulling chain in 1997