തൊണ്ണൂറുകളില്‍ തമിഴകത്തെ ഇളക്കി മറിച്ച വില്ലനായിരുന്നു രഘുവരന്‍. പാലക്കാട് ജനിച്ച ഈ പ്രതിഭ കക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല രഘുവരന്റെ അഭിനയ പാടവം. നായകനായും സഹനടനായും മരണം വരെ സിനിമയില്‍ സജീവമായിരുന്നു. ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോണ്‍സച്ചന്‍ എന്ന കഥാപാത്രം മലയാളികള്‍ക്കുള്ളില്‍ ഇന്നും ജീവിക്കുന്നു. 

രഘുവരന്‍ വിടവാങ്ങി എതാണ്ട് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. സംഗീതപ്രേമിയായ രഘുവരന്‍ എഴുതി ചിട്ടപ്പെടുത്തിയ ആറ് ഗാനങ്ങള്‍ രജനികാന്ത് ആരാധകര്‍ക്കായി സമര്‍പ്പിച്ചു. രഘുവരന്റെ മുന്‍ഭാര്യയും നടിയുമായ രോഹിണിയുടെയും മകന്‍ ഋഷിവരന്റെയും നേതൃത്വത്തിലാണ് നടന്റെ ഈ കലാസൃഷ്ടി പൊടി തട്ടിയെടുത്തത്.

ഇംഗ്ലീഷിലാണ് ആറ് പാട്ടുകളും എഴുതിയിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ഗിത്താറും പിയോനോയും അഭ്യസിച്ച രഘുവരന്റെ വലിയ സ്വകാര്യമായിരുന്നു ഈ സംഗീത പ്രേമം. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2008 ലാണ് രഘുവരന്‍ അന്തരിക്കുന്നത്.