രാഘവ ലോറൻസും വടിവേലുവും, ചന്ദ്രമുഖി 2 ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: twitter.com/offl_Lawrence
2005-ൽ തമിഴ്സിനിമയിലെ സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമായിരുന്നു രജനീകാന്ത്-പി.വാസു ടീമിന്റെ ചന്ദ്രമുഖി. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായി എത്തിയ ചിത്രം നയൻതാരയുടെ കരിയറിലും വഴിത്തിരിവായി. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
രാഘവ ലോറൻസും വടിവേലുവുമായിരിക്കും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുക. പി. വാസു തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം.എം. കീരവാണി സംഗീതം പകരും. ആർ.ഡി. രാജശേഖർ ഛായാഗ്രഹണവും തോട്ടാ തരണി കലാസംവിധാനവും നിർവഹിക്കും. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
സിനിമയുടെ ഭാഗമാവുന്നതിലുള്ള സന്തോഷം ലോറൻസും പ്രകടിപ്പിച്ചിട്ടുണ്ട്. വടിവേലു അണ്ണനൊപ്പം വീണ്ടും സിനിമ ചെയ്യാനാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുരു രജനികാന്തിന് വലിയൊരു നന്ദി. പി. വാസു സാറിനൊപ്പം വീണ്ടും ജോലി ചെയ്യാനാവുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞു.
ശിവാജി പ്രൊഡക്ഷൻസിന്റെ അമ്പതാം ചിത്രമായാണ് ചന്ദ്രമുഖി എത്തിയത്. പ്രഭു, ജ്യോതിക, വടിവേലു, വിനീത്, നാസർ തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമാണ്.
അതേസമയം മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കാർത്തിക് ആര്യൻ, തബു, കിയാര അദ്വാനി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. 175 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയത്.
Content Highlights: Chandramukhi 2, Raghava Lawrence, Vadivelu in Chandramukhi 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..