ചെന്നൈ: അന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശൻറെ (കാർത്തിക്) കുട്ടികളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി തമിഴ് നടൻ രാഘവ ലോറൻസ്. ​ഗണേശന്റെ മരണശേഷം പങ്കുവച്ച ട്വീറ്റിലാണ് ലോറൻസ് ഇക്കാര്യം വ്യക്തമാക്കിയത്. 

സഹോദരാ. താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ സംരക്ഷിക്കും.. അങ്ങേയ്ക്ക് ആത്മശാന്തി നേരുന്നു... ലോറൻസ് ട്വീറ്റ് ചെയ്തു.

അസുഖബാധിതനായി മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു ​ഗണേശന്റെ അന്ത്യം. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. 

ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാർത്തി തന്റെ സാഹചര്യങ്ങൾ വിവരിച്ച് കൊണ്ട് തമിഴ് നടൻ അജിത്തിനോട് സഹായം ആവശ്യപ്പെട്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. താൻ ഈ വീഡിയോ അജിത്തിന്റെ മാനേജർക്ക് അയച്ചു കൊടുക്കാമെന്നും അജിത്ത് കാണുകയാണെങ്കിൽ തീർച്ചയായും സഹായം ചെയ്യുമെന്നും അന്ന് ആ വീഡിയോയ്ക്ക് ലോറൻസും മറുപടി നൽകിയിരുന്നു. കൂടാതെ ​ഗണേശന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായം താൻ ചെയ്തോളോമെന്നും ലോറൻസ് വ്യക്തമാക്കിയിരുന്നു. 

ബില്ല 2, തേൻമേർക്കു പരുവക്കാട്ര്, നീർപ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. മലയാളചിത്രം ഉസ്‍താദ് ഹോട്ടലിലും വേഷമിട്ടു. . സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ​ഗണേശൻ അവസാനമായി വേഷമിട്ടത്.

Content Highlights : Raghava Lawrence says he will take care of late actor Theepetti Ganesan’s kids