തെലുഗു നടി ശ്രീറെഡ്ഡിയുടെ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് നടന്‍ ലോറന്‍സ്. ലോറന്‍സ് ലൈംഗികമായി തന്നെ ഉപയോഗിച്ചെന്നായിരുന്നു ചാനല്‍ അഭിമുഖത്തില്‍ ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഹൈദരാബാദിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ലോറന്‍സ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം. ഇതിനെതിരെയുള്ള ലോറന്‍സിന്റെ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അഭിറാം ദഗ്ഗുബാട്ടി, നാനി, കൊരട്ടാല ശിവ, മുരുഗദോസ്, ശ്രീകാന്ത്, സുന്ദര്‍. സി തുടങ്ങി പലര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ലോറന്‍സിന്റെ കുറിപ്പ് വായിക്കാം
എന്നെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു കാര്യമല്ല. ഇതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നുമില്ല. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ക്കുള്ള എന്റെ മറുപടി എന്താണെന്ന് ആരാഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്തെത്തിയത്.
തെലുഗ് ചിത്രം റിബലിന്റെ സമയത്താണ് ശ്രീ റെഡ്ഡി എന്നെ കാണുന്നതെന്ന് അവര്‍ പറയുന്നു. അതും ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അപ്പോള്‍ തന്നെ പറയേണ്ടിരുന്ന കാര്യം ഏഴ് വര്‍ഷത്തിന് ശേഷം പറയുന്നതില്‍ എന്ത് അര്‍ഥം. അതവിടെ നില്‍ക്കട്ടെ.
ശ്രീ റെഡ്ഡി എന്റെ ഹോട്ടല്‍ റൂമില്‍ വരുകയും ഞാന്‍ അവരെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് ആരോപിക്കുന്നത്. കൂടാതെ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും എന്റെ റൂമില്‍ കണ്ടത്രേ. രുദ്രാക്ഷ മാലയും ദൈവത്തിന്റെ ചിത്രവും ഉപയോഗിച്ച് റൂമില്‍ പൂജ നടത്താന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍.
നിങ്ങളോട് ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ എനിക്ക് വ്യക്തമായി അറിയാം. ദൈവം എല്ലാം കാണുന്നുണ്ട്. മാത്രമല്ല എനിക്ക് അവരോട് യാതൊരു ദേഷ്യവുമില്ല. ഞാന്‍ നിങ്ങളുടെ എല്ലാ അഭിമുഖങ്ങളും കണ്ടു. എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്. സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം. അവസരം തരാമെന്ന് പറഞ്ഞ് എല്ലാവരും നിങ്ങളെ ചതിച്ചതാണോ ഇവിടുത്തെ വിഷയം.
നിങ്ങള്‍ നല്ലൊരു നടിയാണെന്ന് പറയുന്നു. നമുക്കൊരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് തന്നെ ഞാന്‍ രണ്ട് രംഗങ്ങള്‍ നിങ്ങള്‍ക്ക് അഭിനയിക്കാനായി നല്‍കാം, കൂടെ ഒരു ഡാന്‍സ് സ്റ്റെപ്പും. അത് ഞാന്‍ സാധാരണ നല്‍കാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കുകയില്ല. സാധാരണ അഭിനേതാവിന് ചെയ്യാന്‍ കഴിയുന്ന ഒന്ന്. നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കും. കഴിവുണ്ടെന്ന് തെളിയിക്കൂ. എന്നിട്ട് എന്റെ സിനിമയില്‍ അവസരം തരാം. മുന്‍കൂറായി പണവും തരാം- ലോറന്‍സ് പറഞ്ഞു.