തമിഴ് നടനും സംവിധായകനും നൃത്തസംവിധായകനുമായ രാഘവ ലോറൻസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ​ദുർ​ഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകൾ പുറത്തിറങ്ങി. രണ്ട് ​ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന.

രാഘവേന്ദ്ര പ്രൊഡക്ഷൻസിൻറെ ബാനറിൽ ലോറൻസ് തന്നെ നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ച് പക്ഷേ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംവിധായകനും മറ്റ് അഭിനേതാക്കൾ ആരെന്നുള്ളതും അണിയറപ്രവർത്തകർ ഉടൻ പങ്കുവയ്ക്കും.

തമിഴിൽ ഹിറ്റ് ഹൊറർ കോമഡി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും നടനുമാണ് ലോറൻസ്. താരത്തിന്റെ കാഞ്ചന സീരീസ് വലിയ വിജയം നേടിയ ചിത്രങ്ങളാണ്. മുനി ആണ് സീരീസിൽ ആ​ദ്യം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് കാഞ്ചന. ഏഴു കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം ഇരുപതു കോടി കളക്ഷനാണ് നേടിയത്. ശരത് കുമാർ, രാഘവ ലോറൻസ്, ലക്ഷ്മി റായ്, കോവൈ സരള, ദേവദർശിനി തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ വിജയം കണ്ട് ഹിന്ദിയിലേക്ക് ചിത്രം റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ലോറൻസ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് അക്ഷയ് കുമാറും കിയാര അദ്വാനിയുമാണ്.

രുദ്രൻ എന്ന ആക്ഷൻ ചിത്രത്തിന്റെ തിരക്കുകളിലാണ് ലോറൻസ് ഇപ്പോൾ. പ്രിയ ഭവാനി ശങ്കർ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കതിരേശൻ ആണ്. ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന അധികാരമാണ് ലോറൻസിന്റെ മറ്റൊരു ചിത്രം. വെട്രിമാരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

content highlights : Raghava Lawrence new movie durga first look posters