ക്ഷയ്കുമാര്‍ പ്രധാന കഥാപാത്രമാകുന്ന ലക്ഷ്മിബോംബ് ഓണ്‍ലൈനായി കാഴ്ചക്കാരുടെ സ്വീകരണമുറികളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഡിസ്നിപ്ലസും ഹോട്ട്സ്റ്റാറുമായുള്ള അവസാനഘട്ട ചര്‍ച്ചകളിലാണ് അക്ഷയ്കുമാര്‍. മേയ് 22-നാണ് ചിത്രം തിയ്യറ്ററുകളിലെത്താനിരുന്നത്. 

കൊറോണ വൈറസ് പ്രതിസന്ധി അവസാനിക്കുംവരെ ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കാന്‍ ഭൂരിഭാഗം നിര്‍മാതാക്കളും തീരുമാനിച്ചപ്പോള്‍ ചിലരെങ്കിലും അക്ഷയ് കുമാറിനെപ്പോലെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ആലോചനയിലാണ്.  നടനും നിര്‍മാതാവുമായ രാഘവ ലോറന്‍സിന്റെ കാഞ്ചന എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ലക്ഷ്മിബോംബ്. 

ലോറന്‍സ് തന്നെയാണ് ലക്ഷ്മിബോംബും സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങ്, പശ്ചാത്തലസംഗീതം മിക്‌സിങ് എന്നിവയടക്കമുള്ള അവസാനഘട്ട പ്രവൃത്തികള്‍ക്കുശേഷം ജൂണില്‍ ചിത്രം ഓണ്‍ലൈനായി കാഴ്ചക്കാരിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 

മേയില്‍ ലോക്ഡൗണ്‍ അവസാനിക്കുമെങ്കിലും തിയ്യറ്ററുകള്‍ തുറക്കാന്‍ വൈകിയേക്കുമെന്ന സാധ്യത പരിഗണിച്ചുകൂടിയാണ് ഓണ്‍ലൈനായി ചിത്രം പുറത്തിറക്കുന്നത്. ഡിസ്‌നി പ്ലസിലൂടെ ലോകമെങ്ങും ഹോട്ട്സ്റ്റാറിലൂടെ രാജ്യത്തെ ചെറിയ പട്ടണങ്ങളിലുള്ള കാണികളിലേക്കും ലക്ഷ്മിബോംബെത്തും.

Content Highlights: Raghava Lawrence directorial Laxmibomb to release online soon