അക്ഷയ് കുമാർ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിന‍്റെ പുതിയ പേര്. ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്നതിന് പിന്നാലെയാണ് പേര് മാറ്റൽ. രാഘവ ലോറൻസ് സംവിധാനം ചെയ്ത ചിത്രത്തിനെതിരേ കർണിസേന രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ പേര്  വിശ്വാസം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. സെൻസർ ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്.

രാഘവ ലോറൻസ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക ‌.ദീപാവലിയോടനുബന്ധിച്ച് നവംബർ ഒൻപതിന്  ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. 

ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറർ ത്രില്ലറായ ലക്ഷ്മിയിലെ മറ്റു അഭിനേതാക്കൾ തുഷാർ കപൂർ, മുസ്‌ഖാൻ ഖുബ്‌ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്. 

Content Highlights: Raghava Lawrence Akshay Kumar movie Laxmmi Bomb name changed to Laxmi