ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ലോകമായ ബോളിവുഡ് സിനിമാ മോഹികളെ സംബന്ധിച്ചേടത്തോളം ഒരു സ്വര്‍ഗമാണ്. എന്നാല്‍ ഈ മനോഹര കാഴ്ചകള്‍ക്കു പിന്നില്‍ അത്ര സുന്ദരമല്ലാത്ത ഒരു മുഖം ബോളിവുഡിനുണ്ട്.
സിനിമ സ്വപ്നം കണ്ട് ഇറങ്ങിത്തിരിക്കുന്ന യുവതികള്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ധാരാളം കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ചില ദുരഭുവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബോളിവുഡിലെ മികച്ച അഭിനേത്രികളിലൊരാളായ രാധികാ ആപ്തെ.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തിന് പുറത്ത് നടിമാരെ ലൈംഗികമായി ഉപയോഗിക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് രാധിക. ഒരു പ്രമുഖ നടനില്‍ നിന്നാണു തനിക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായതെന്നു രാധിക പറയുന്നു. സിനിമാ ചിത്രീകരണത്തിനിടയില്‍ അയാള്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. അയാളുടെ സംസാരം പരിധിവിട്ടു പോയിരുന്നു. അയാളുടെ ലക്ഷ്യം മനസിലായപ്പോള്‍ ഫോണിലൂടെ ദേഷ്യപ്പെട്ടു. ഈ വിഷയത്തില്‍ പിന്നീട് അയാള്‍ തന്നോട് വഴക്കിടാന്‍ വന്നെന്നും രാധികാ പറയുന്നു.
ഇതിനു സമാനമായ മറ്റൊരു സംഭവവും രാധികാ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ ബോളിവുഡ് സിനിമ ചെയ്യുന്നുണ്ടെന്നും അതില്‍ അഭിനയിക്കണമെങ്കില്‍ നിര്‍മ്മാതാവിനെ നേരിട്ട് കാണണം എന്നും പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വന്നു. വെറും കൂടികാഴ്ചയല്ല നായികയാക്കണമെങ്കില്‍ നിര്‍മ്മാതാവുമായി കിടക്കപങ്കിടേണ്ടിവരുമെന്ന ആവശ്യമാണ് ഫോണിലൂടെ അയാള്‍ മുന്പോട്ട് വച്ചത്. എന്നാല്‍ അയാളുടെ ആവശ്യം കേട്ടപ്പോള്‍ തനിക്കു ചിരിയാണു വന്നതെന്നും കടന്നു പോകാനാണു താന്‍ പറഞ്ഞതെന്നും രാധിക പറയുന്നു.
ഇതാദ്യമായല്ല സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് നടിമാര്‍ തുറന്നു പറയുന്നത്. കാസ്റ്റിങ് കൗച്ചിങില് നിന്ന് രക്ഷപ്പെട്ട കഥ താരേ സമീന്‍ പര് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ടിസ്ക ചോപ്ര കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തുറന്നു പറഞ്ഞിരുന്നു. 2004 ല്‍ മാധുര്‍ ഭണ്ഡാര്ക്കാറിനെതിരെ പ്രീതി ജെയ്ന്‍, 1998 ല്‍ രാജ്കുമാര് സന്തോഷിക്കെതിരെ മമതാ കുല്‍ക്കര്‍ണി എന്നിവര്‍ നല്കിയ കേസുകള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..