തെന്നിന്ത്യന്‍ താരം പ്രഭാസ്  അഭിനയിക്കുന്ന പ്രണയചിത്രം രാധേ ശ്യാം ജൂലൈ 30 ന് തിയറ്ററുകളില്‍ എത്തും. പ്രണയദിനത്തില്‍ പുറത്തുവിട്ട ടീസറിലൂടെയാണ് റിലീസ് പ്രഖ്യാപനം നടത്തിയത്. മനോഹരമായ താഴ്‌വരയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയുടെ ദൃശ്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ വെച്ച്  പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തി ഇറ്റാലിയന്‍ ഭാഷയില്‍ പൂജയോട് പ്രഭാസ് സല്ലപിക്കുന്ന ദൃശ്യവും വീഡിയോയില്‍ കാണാം. 'നീയാര് റോമിയോ ആണന്നാണോ കരുതിയിരിക്കുന്നത് എന്ന പൂജയുടെ ചോദ്യത്തിന് അവന്‍ പ്രേമത്തിന് വേണ്ടി മരിച്ചവനാണെന്നും ഞാന്‍ ആ ടൈപ്പല്ലെന്ന്' പ്രഭാസ് പറയുന്നതും വീഡിയോയില്‍ കാണാം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നട, മലയാളം എന്നീ നാല് ഭാഷകളിലാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.  ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്കും ചിത്രത്തിന്റെ മൊഴിമാറ്റം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

ചിത്രത്തിന് സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ഛായാഗ്രഹണം- മനോജ് പരമഹംസ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, ആക്ഷന്‍- നിക്ക് പവല്‍, ശബ്ദ രൂപകല്‍പ്പന- റസൂല്‍ പൂക്കുട്ടി, നൃത്തം- വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍- തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Content Highlights: Radhe Shyam teaser, Glimpse, Prabhas, Pooja Hegde, Radha Krishna Kumar, release announced