സ്ത്രീകള്‍ക്കെതിരേ, പ്രത്യേകിച്ച് സിനിമാ നടികള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച നടനാണ് രാധാ രവി. പൊള്ളാച്ചി പീഡനക്കേസിലെ ഇരകളെയും നടി നയന്‍താരയെയും അധിക്ഷേപിച്ചുകൊണ്ട് രാധാ രവി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. 

പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്‌ക്കെതിരേ രാധാ രവി കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. നയന്‍താരയെ സൂപ്പര്‍താരങ്ങളായ രജനികാന്ത് എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. 

'നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്.  അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല. തമിഴ്‌നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. അവര്‍ തമിഴ് ?സിനിമയില്‍ പിശാചായും തെലുങ്കില്‍ സീതയായും അഭിനയിക്കുന്നു. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആര്‍ക്കും ഇവിടെ സീതയാകാം'- രാധാ രവി പറഞ്ഞു.

രാധാ രവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും ഒട്ടനവധിയാളുകള്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. ഗായിക ചിന്‍മയി ശ്രീപദ, നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവന്‍ എന്നിവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതിന് തൊട്ടു പിന്നാലെ നടനും നടികള്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍, നടി വരലക്ഷ്മി എന്നിവര്‍ രംഗത്ത് വന്നിരിക്കുകയാണ്. 

'പ്രിയപ്പെട്ട രാധാ രവി സര്‍, സ്ത്രീകള്‍ക്കെതിരേ നിങ്ങള്‍ നടത്തുന്ന മോശം പരാമര്‍ശങ്ങളെ അപലപിച്ചുകൊണ്ടുള്ള കത്തില്‍ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ സന്തോഷത്തോടെ ഒപ്പു വയ്ക്കുകയാണ്. നിങ്ങള്‍ ഇനിയും വളരാനുണ്ടെന്ന ബോധ്യത്തോടെ  ഈ കത്ത് ഞാന്‍ അയക്കുന്നു'- വിശാല്‍ കുറിച്ചു. 

തന്റെ പിതാവ് ശരത്കുമാറിന്റെ ഭാര്യ രാധികയുടെ സഹോദരന്‍ കൂടിയായ രാധാ രവിക്കെതിരേ വരലക്ഷ്മി ശക്തമായ വിമര്‍ശനങ്ങളാണ് തൊടുത്തു വിട്ടിരിക്കുന്നത്. 

'സ്ത്രീകളെ കളിയാക്കുന്നത്, അവരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ഇവയെല്ലാം മോശമാണെന്ന് താങ്കള്‍ ചിന്തിക്കാത്തതില്‍ അത്ഭുതം തോന്നുന്നു. ഇത്തരക്കാര്‍ക്കെതിരേ പ്രതികരിക്കാത്തതില്‍ പഴയതലമുറയില്‍പ്പെട്ട അഭിനേതാക്കളോട് നന്ദി തോന്നുന്നു'- വരലക്ഷ്മി പരിസഹിച്ചു.

'വസ്ത്രധാരണത്തിന്റെ ഏറ്റക്കുറച്ചിലിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തുന്ന ഒരു കൂട്ടം മണ്ടന്‍മാര്‍ ഇവിടെയുണ്ട്. എന്ത് ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണ്. വസ്ത്രത്തിന്റെ പേരിലല്ല അവര്‍ എന്ത് ചെയ്യുന്നു എന്നു നോക്കി ബഹുമാനിക്കാന്‍ പഠിക്കൂ. 

സിനിമ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരില്‍ ഒരു കൂട്ടം ആളുകള്‍ സ്ത്രീകളെ തരംതാഴ്ന്നവരായി കണക്കാക്കുന്നവരാണ്. അവര്‍ ഇതിനൊന്നും പ്രതികരിക്കില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് ഒപ്പമാണ് എന്ന് അഭിനയിക്കും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നടിമാര്‍ അപഹസിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്'- വരലക്ഷ്മി പറയുന്നു. 

Content Highlights: radha ravi's derogatory remark against nayanthara and pollachi rape victims vishal and varalakshmi react