ചെമ്മീനിലെ കറുത്തമ്മയായി സിനിമയില്‍ എത്തേണ്ടിയിരുന്ന ആളാണത്രെ റാബിയ ബീവി. നായികയാകാന്‍ സംവിധായകന്‍ രാമു കാര്യാട്ട് ആദ്യം കണ്ടെത്തിയത് ഈ കോഴിക്കോട്ടുകാരിയെയായിരുന്നു. നാടക വേദിയില്‍ തിളങ്ങിയിരുന്ന റാബിയക്ക് ആ അവസരം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു. യാഥാസ്ഥിതിക സമൂഹത്തെ ഭയന്നായിരുന്നു ആ തീരുമാനം. പിന്നീട് ആകാശവാണി ആര്‍ട്ടിസ്റ്റായി അധികം ആരും തിരിച്ചറിയാത്ത ലോകത്ത് ഒതുങ്ങി ജീവിച്ചു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം റാബിയ ബീവി വീണ്ടും വാര്‍ത്തകളിലിടം പിടിച്ചു. കോഴിക്കോട് ഒരു പരിപാടിക്കെത്തിയ മഞ്ജു വാരിയരെ ആരാധനയോടെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മുത്തശ്ശിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പക്ഷെ ഈ സമാഗമം വീണ്ടും സിനിമാ ലോകത്തേക്കുള്ള വാതില്‍ തുറക്കുമെന്ന് ഈ മുത്തശ്ശി കരുതി കാണില്ല. അതെ, 80ാം വയസ്സില്‍ റാബിയ ബീവി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 

പരസ്യ സംവിധായകനായ ആദി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ റാബിയ വേഷമിടുകയാണ്. ഫുട്‌ബോള്‍ ഭ്രാന്തിയായ ഒരു കഥാപാത്രമായാണ് റാബിയ എത്തുന്നത്. 

ആദി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളമാണ് നിര്‍മാണം. വിനീത്, നെടുമുടി വേണു, ബാലതാരം അബനി, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, വിനോദ് കോവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.