സിനിമാ രംഗത്തെ കാസ്റ്റിംങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലക്ഷ്മി റായ്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലക്ഷ്മി റായ് സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നടിച്ചത്.
'സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് നടക്കുന്നവരെ ചൂഷണം ചെയ്യുന്ന പ്രവണത ചില സിനിമാക്കാരിലുണ്ട്. നായികയാക്കണമെങ്കില്‍ കിടപ്പറ പങ്കിടണം എന്നതാണ് അവരുടെ ആവശ്യം. സമ്മതിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി. ഇത്തരക്കാരാണ് സിനിമാ ലോകത്തിന് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന സിനിമകള്‍ക്ക് എന്ത് മൂല്യമാണ് അവകാശപ്പെടാനുള്ളത്. വ്യക്തിപരമായി എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല'- ലക്ഷ്മി പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ ലക്ഷ്മി റായ് ബോളിവുഡ് ചിത്രത്തില്‍ നായികയായെത്തുകയാണ്. എ ആര് മുരുഗദോസ് സംവിധാനം ചെയ്ത അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഇതാദ്യമായാണ് ബോളിവുഡില്‍ ഒരു മുഴുനീള വേഷം ചെയ്യുന്നത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത ജൂലി 2 ലാണ് ലക്ഷ്മി അഭിനയിച്ചത്. 2017 ഡിസംബറില്‍ ചിത്രം പുറത്തിറങ്ങും. ജൂലിയിലെ കഥാപാത്രത്തെക്കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ.
'ജൂലിയിലേത് ഒരു ഗ്ലാമറസ് വേഷമാണ്. ബിക്കിനി ധരിച്ച് അഭിനയിക്കണമായിരുന്നു. തടിക്കുറയ്ക്കേണ്ടത് അത്യാവശ്യമായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ മെലിഞ്ഞത്. ശ്രമം വെറുതെയായില്ല എന്ന് തോന്നുന്നു. ജൂലിയിലെ ചിത്രങ്ങള്‍ കണ്ട് എല്ലാവരും നല്ല അഭിപ്രായമാണ് ഇപ്പോള്‍ പറയുന്നത്.'