കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കില്ലെന്ന ഫിയോകിന്റെ തീരുമാനം വിജയ് ആരാധകരില്‍ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. ജനുവരി 13-ന് ലോകേഷ് കനകരാജ്- വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനൊരുങ്ങുകയാണ്. അതേസമയം,സര്‍ക്കാറില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ തീയേറ്റര്‍ തുറക്കാനാകൂ എന്ന നിലപാടിയാണ് ഫിയോക്.
വിജയ് സിനിമയ്‌ക്കെതിരേയുള്ള നിലപാടല്ല തങ്ങളുടേതെന്നും നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഫിയോക് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഫിയോകിന്റെ ഭാരവാഹികളായ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് നേരേ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. അതിനെതിരേ പ്രതികരിക്കുകയാണ് നിര്‍മ്മാതാവും വിതരണക്കാരനുമായ റാഫി മാതിര.
കാര്യമറിയാതെ ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും റാഫി പറയുന്നു. വിജയ് ചിത്രം 'ഭൈരവ'യ്ക്ക് കേരളത്തില്‍ റിലീസ് പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായത്തിനെത്തിയത് ദിലീപാണെന്നും റാഫി മാതിര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
റാഫി മാതിരയുടെ വാക്കുകള്‍
മുഖ്യമന്ത്രി നമ്പര്‍ വണ്‍ വിജയ് ചിത്രം മാസ്റ്റര്‍ 13-ന്
കോവിഡ്-19 പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി അടച്ചിട്ട തീയറ്ററുകള്‍ ജനുവരി 5-മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമര്‍ശിക്കാതെയായിരുന്നു ഈ അറിയിപ്പ്.
തീയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടു. ഫിലിം ചേംബര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവരെല്ലാവരും ചേര്‍ന്ന് ഇളവുകള്‍ക്ക് വേണ്ടി നിവേദനം നല്‍കി, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഫിയോക് പ്രതിനിധികളുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയില്‍ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. 13-ന് വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.
വിജയ് സിനിമയ്ക്കായി മാത്രം തീയറ്ററുകള്‍ തുറക്കേണ്ട എന്ന് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്‌റ് ആന്റണി പെരുമ്പാവൂര്‍ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികള്‍ ചില ഭാഗത്ത് നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകര്‍ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.
കേരളത്തില്‍ ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടി ഞാന്‍ അവതരിപ്പിച്ച ദളപതി വിജയ് യുടെ ''ഭൈരവ'' റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ തരില്ല എന്ന് തീര്‍ത്തു പറയുകയും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നില്‍ക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റര്‍ ഫെഡറെഷന്‍ മുതലാളി ഈ പ്രചരണത്തിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
''ഭൈരവ'' പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താല്‍ പുതിയ തിയേറ്റര്‍ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകന്‍ ദിലീപിനോട് തീര്‍ത്താല്‍ തീരാത്ത പക വച്ച് പുലര്‍ത്താതിരിക്കാന്‍ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്നത്തെ സംഭവങ്ങള്‍ നമ്മള്‍ ഓരോരുത്തരും ഓര്‍ത്തെടുത്താല്‍, വിജയ് ആരാധകര്‍ക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും.
തിയേറ്ററുകള്‍ തുറക്കുന്നതോടെ റിലീസിന് കാത്തു നില്‍ക്കുന്ന രാഷ്ട്രീയ ത്രില്ലര്‍ ചലച്ചിത്രമായ വണ്‍ ഉള്‍പ്പടെ നിരവധി മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. വണ്‍ - ല്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാന്‍ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോള്‍ ഇളവുകള്‍ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഊഹാപോഹങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതില്‍ സംശയിക്കേണ്ട.
തിയേറ്ററുകള്‍ തുറക്കും. മാസ്റ്റര്‍ കേരളത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കല്‍ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.
-റാഫി മതിര.
Content Highlights: Raaffi Mathirra producer supports Dileeep, Antony Perumbavoor, Master Release, Kerala, Feouk demands