ടി നയന്‍താരയെയും പൊള്ളാച്ചി പീഡനത്തിലെ ഇരകളെയും അധിക്ഷേപിച്ച രാധാ രവിക്കെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി സഹോദരിയും നടിയുമായ രാധിക ശരത്കുമാര്‍. മുന്‍കാല നടന്‍ എം.ആര്‍ രാധയുടെ മക്കളാണ് രാധാ രവിയും രാധികയും. നയന്‍താരയ്ക്ക് പിന്തുണ നല്‍കിയ രാധിക, സംഭവം വിവാദമായ പശ്ചാത്തലത്തില്‍ രാധാ രവിയെ നേരിട്ട് കണ്ട് സംസാരിച്ചതായി പറയുന്നു.

നയന്‍താരയെ പിന്തുണച്ച് സംവിധാകന്‍ വിഘ്‌നേഷ് ശിവന്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു. വലിയ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവരുന്ന വൃത്തികെട്ടവനെതിരേ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത കഷ്ടമാണെന്നും അയാള്‍ പറയുന്നത് കേട്ട് ചിലര്‍ കയ്യടിക്കുന്നത് കാണുമ്പോള്‍ രോഷവും വേദനയും തോന്നുന്നുവെന്നും വിഘ്‌നേഷ് കുറിച്ചിരുന്നു. ഈ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് രാധികയുടെ മറുപടി.

'ഇന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും അര്‍പ്പണബോധമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. അവരെ മനസ്സിലാക്കാന്‍ സാധിച്ചതിലും അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിലും എനിക്ക് അഭിമാനമുണ്ട്. ഞാന്‍ ആ ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടിട്ടില്ല (രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങള്‍). എന്നിരുന്നാലും, ഞാന്‍ ഇന്ന് രാധാ വരിയെ നേരില്‍ കാണുകയും ഈ പ്രവണത നല്ലതല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്.' 

നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. 

പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്താതിരുന്ന നയന്‍താരയ്ക്കെതിരേ രാധാ രവി കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. നയന്‍താരയെ സൂപ്പര്‍താരങ്ങളായ എം.ജി.ആര്‍., ശിവാജി ഗണേശന്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. 

'നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്‍, എം.ജി.ആര്‍ എന്നിവരുമായി താരതമ്യം ചെയ്യരുത്. അവര്‍ മഹാത്മാക്കളാണ്.  അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങള്‍ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല. തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കും. അവര്‍ തമിഴ് സിനിമയില്‍ പിശാചായും തെലുങ്കില്‍ സീതയായും അഭിനയിക്കുന്നു. എന്റെ ചെറുപ്പകാലത്ത് കെ.ആര്‍ വിജയയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആര്‍ക്കും ഇവിടെ സീതയാകാം'- രാധാ രവി പറഞ്ഞു.

രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനക്കേസിനെക്കുറിച്ച് രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ ഇങ്ങനെ...

'ഇപ്പോള്‍ എല്ലാവരുടെയും കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. അതുകൊണ്ട് ആളുകള്‍ക്ക് എവിടെവച്ചും എന്തും ഷൂട്ട് ചെയ്യാം. വലിയ ക്യാമറയുടെ ആവശ്യമില്ല. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ആ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നുവെന്നും ഞാന്‍ കേട്ടു. പലരും അത് കാണരുത് എന്ന് പറയുന്നത് കേട്ടു. പക്ഷേ ആളുകള്‍ മറ്റെന്തു കാണും.'

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുന്നതായിരുന്നു രാധാ രവിയുടെ അടുത്ത പരാമര്‍ശം.

'ഇക്കാലത്ത് ബിഗ് ബജറ്റ് സിനിമകളും സ്‌മോള്‍ ബജറ്റ് സിനിമകളും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാവില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതു പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസം.'

Content Highlights: Raadhika Sarathkumar against radha ravi derogatory remarks against nayanthra pollachi victims