തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ പോര് മുറുകുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലാണ് സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശേഷം രമേശ് നാരായണന്‍ ചെളിവാരി എറിയുകയാണെന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു. ചിത്രത്തില്‍ ഏതു ഗാനം ഉള്‍പ്പെടുത്തണമെന്നത് സംവിധായകനാണ് തീരുമാനിക്കുന്നതെന്നും വിമല്‍ പറഞ്ഞു.

മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരനേട്ടത്തിന് ശേഷം രമേശ് നാരായണന്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ തന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായും രമേശ് നാരായണന്‍ പറഞ്ഞിരുന്നു. 

വിമലാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ജയചന്ദ്രന് അവാര്‍ഡ് ലഭിച്ച ഗാനങ്ങളിലൊന്നായ 'ശാരദാംബരം' തന്റെ നിര്‍ബന്ധപ്രകാരമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും സംഗീത സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പുരസ്‌കാരം പൃഥ്വിരാജിനുള്ള മറുപടിയാണെന്നും രമേശ് പറഞ്ഞു.

എന്ന് നിന്റെ മൊയ്തീന്‍, ഇടവപ്പാതി എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിനാണ് രമേശ് നാരായണന് പുരസ്‌കാരം ലഭിച്ചത്. ഇടവപ്പാതിയിലെ ഗാനത്തിന് രമേശ് നാരായണന്റെ മകള്‍ മധുശ്രീയ്ക്ക് മികച്ച ഗായികക്കുള്ള അവാര്‍ഡും ലഭിച്ചു. എന്ന് നിന്റെ മൊയ്തീനിലും മധുശ്രീ പാടിയിരുന്നു.