നടന് ആര്. മാധവന്റെയും സരിത ബിര്ജെയുടെയും 20-ാം വിവാഹ വാര്‍ഷികമാണിന്ന്. സരിതയ്ക്കൊപ്പമുള്ള ചിത്രം മാധവന് പോസ്റ്റ് ചെയ്ത മാധവന് വിവാഹവാര്‍ഷികത്തിന്റെ വിശേഷം പങ്കുവച്ചു.
'നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്നേഹത്തിന് ഞാന്‍ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ. നിന്നോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍'- മാധവന് കുറിച്ചു.
വ്യക്തിത്വ വികസന പരിശീലനം നല്കി കൊണ്ടിരിക്കുന്ന സമയത്ത് 1991 ലാണ് മാധവന് സരിതയെ പരിചയപ്പെടുന്നത്. എയര്ഹോസ്റ്റസാകാനുള്ള പരിശീലനത്തിലായിരുന്നു സരിത. പരിചയം പിന്നീട് പ്രണയമായി. 1999 ല്‍ മാധവന് സരിതയെ വിവാഹം കഴിച്ചു. മാധവന്റെ ചില ചിത്രങ്ങളില്‍ കോസ്റ്റിയൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ഇവര്‍ക്ക് കുഞ്ഞു പിറന്നു. വേദാന്ത് എന്നാണ് മകന്റെ പേര്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരമാണ് വേദാന്ത്. ഡല്‍ഹിയില്‍ നടന്ന അറുപത്തിനാലാമത് എസ് ജി എഫ് ഐ നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ വേദാന്ത് സ്വര്‍ണ മെഡല്‍ നേടിയിരുന്നു.
സിനിമയിലേക്കുള്ള മാധവന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കാനഡയിലെ പഠനത്തിന് ശേഷം മാധവന് ഇലക്ട്രോണിക്സില് ബിരുദമെടുത്തു. പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന് ഒരുകാലത്ത് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എന്‍.സി.സി കാഡറ്റുകളിലൊരാളായിരുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ആര്‍മി, റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടാനായി. അന്ന് എയര്‍ഫോഴ്സില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും വയസ്സ് കൂടിയ കാരണത്താല്‍ മാധവന് അവസരം നഷ്ടപ്പെട്ടു. പിന്നീട് പബ്ലിക് സ്പീക്കിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ മാധവന് വ്യക്തിത്വ വികസന പരിപാടികളില്‍ പരിശീലകനായെത്തി. പബ്ലിക് സ്പീക്കിങ്ങില്‍ ഇന്ത്യയില്‍ ചാമ്പ്യനായ മാധവന് ജപ്പാനില്‍ നടന്ന യങ് ബിസിനസ്മെന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
1994 മുതല്‍ മോഡലിങ്ങില്‍ ശ്രമിക്കുന്നുണ്ടായിരുന്നു മാധവന്. അതിനായി ധാരാളം മോഡലിങ് ഏജന്‍സികളെ സമീപിച്ചിരുന്നു. 1996 ല്‍ സന്തോഷ് ശിവന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച മാധവന് അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിന്റെ ഓഡീഷന് പോയി. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഇരുവരില്‍ പ്രകാശ് രാജ് അഭിനയിച്ച തമിഴ്ശെല്വന് എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മാധവനെയായിരുന്നു. എന്നാല്‍ തമിഴ്സെല്‍വനെ അവതരിപ്പിക്കാനുള്ള പ്രായമോ പക്വതയോ മാധവന് ആകാത്തതിനാല്‍ ആ കഥാപാത്രം പ്രകാശ് രാജിലേക്ക് പോവുകയായിരുന്നു.
സിനിമയിലേക്കുള്ള ആദ്യശ്രമം പരാജയമായപ്പോള്‍ ഹിന്ദി സീരിയലുകളില്‍ ഭാഗ്യം പരീക്ഷിച്ചു. ഇസ് രാത് കി സുബഹ് നഹീന് എന്ന സിനിമയിലാണ് മാധവന് ആദ്യം മുഖം കാണിച്ചത്. പിന്നീട് ഇന്‍ഫെര്‍നോ (ഫ്രെഡ് ഒലന് റേ സംവിധാനം ചെയ്ത ചിത്രം) എന്ന ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടു.
2000 ല്‍ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേയാണ് മാധവന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പിന്നീട് മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്പേ ശിവം, രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രി ഇഡിയറ്റ്സ്, വേട്ടൈ, തനു വെഡ്സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
ഭാഷയ്ക്ക് അതീതമാണ് മാധവന്റെ സിനിമാ ജീവിതം. തമിഴിലും ഇംഗ്ലീഷിലും ഹിന്ദിയിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും മാധവന് വേഷമിട്ടിട്ടുണ്ട്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മെയ്ഡ് ഇന്‍ യു.എസ്.എ എന്ന മലയാള ചിത്രത്തില്‍ മാധവനായിരുന്നു കേന്ദ്രകഥാപാത്രം. കാവേരി, ശ്രീനിവാസന്, ഇന്നസെന്റ്, മധുപാല്‍, തമ്പി ആന്റണി എന്നിവരായിരുന്നു ആ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഈ ചിത്രം ഇംഗ്ലീഷില്‍ നത്തിങ് ബട്ട് ലൈഫ് എന്ന പേരില്‍ പുറത്തിറങ്ങി.
Content Highlights: R madhavan wife sarita birje celebrate wedding anniversary, madhavan love
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..