നടന്‍ ആര്‍.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് അദ്ദേഹത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്.

വിനയാന്വിതനായി ഞാനിത് സ്വീകരിക്കുന്നു. പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് മാധവന്‍ ചടങ്ങില്‍ പറഞ്ഞു.

സിനിമയിലേക്കുള്ള മാധവന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രിഡിഗ്രി പഠനത്തിന് ശേഷം മാധവന്‍ ഇലക്ട്രോണിക്സിലാണ് ബിരുദമെടുത്തത്. പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച മാധവന്‍ ഒരുകാലത്ത് മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച എന്‍.സി.സി കാഡറ്റുകളിലൊരാളായിരുന്നു. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് ആര്‍മി, റോയല്‍ നേവി, റോയല്‍ എയര്‍ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടാനായി. അന്ന് എയര്‍ഫോഴ്സില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും വയസ്സ് കൂടിയ കാരണത്താല്‍ മാധവന് അവസരം നഷ്ടപ്പെട്ടു. പിന്നീട് പബ്ലിക് സ്പീക്കിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ മാധവന്‍ വ്യക്തിത്വ വികസന പരിപാടികളില്‍ പരിശീലകനായെത്തി. പബ്ലിക് സ്പീക്കിങ്ങില്‍ ഇന്ത്യയില്‍ ചാമ്പ്യനായ മാധവന്‍ ജപ്പാനില്‍ നടന്ന യങ് ബിസിനസ്മെന്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by R. Madhavan (@actormaddy)

ഈ കാലഘട്ടത്തിലൊക്കെ മോഡലിങ്ങില്‍ ശ്രമിക്കുന്നുണ്ടായിരുന്നു മാധവന്‍. അതിനായി ധാരാളം മോഡലിങ് ഏജന്‍സികളെ സമീപിച്ചിരുന്നു. 1996 ല്‍ സന്തോഷ് ശിവന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ച മാധവന്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ മണിരത്നത്തിന്റെ ഇരുവര്‍ എന്ന ചിത്രത്തിന്റെ ഓഡീഷന് പോയി.  മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ഇരുവരില്‍ പ്രകാശ് രാജ് അഭിനയിച്ച തമിഴ്ശെല്‍വന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് മാധവനെയായിരുന്നു. എന്നാല്‍ തമിഴ്സെല്‍വനെ അവതരിപ്പിക്കാനുള്ള പ്രായമോ പക്വതയോ മാധവന് ആകാത്തതിനാല്‍ ആ കഥാപാത്രം പ്രകാശ് രാജിലേക്ക് പോവുകയായിരുന്നു. 

സിനിമയിലേക്കുള്ള ആദ്യശ്രമം പരാജയമായപ്പോള്‍ ഹിന്ദി സീരിയലുകളില്‍ ഭാഗ്യം പരീക്ഷിച്ചു. ഇസ് രാത് കി സുബഹ് നഹീന്‍ എന്ന സിനിമയിലാണ് മാധവന്‍ ആദ്യം മുഖം കാണിച്ചത്. പിന്നീട് ഇന്‍ഫെര്‍നോ (ഫ്രെഡ് ഒലന്‍ റേ സംവിധാനം ചെയ്ത ചിത്രം) എന്ന ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by R. Madhavan (@actormaddy)

2000 ല്‍ മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേയാണ് മാധവന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. പിന്നീട് മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍, റണ്‍, അന്‍പേ ശിവം, ഗുരു  രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രി ഇഡിയറ്റ്സ്, വേട്ടൈ, തനു വെഡ്സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളം ചിത്രം ചാര്‍ലിയുടെ റീമേക്കായ മാരയായിരുന്നു ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.

മാധവന്‍ ആദ്യമായി സംവിധായകനാകുന്ന റോക്കട്രി - ദി നമ്പി എഫക്ട് എന്ന സിനിമയാണ് ഏറ്റവും പുതിയ റിലീസ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by R. Madhavan (@actormaddy)

Content Highlights: R Madhavan actor receives Doctor of Letters for his contribution to arts and films