സെലിബ്രിറ്റികളെ സമൂഹ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നത് ഇക്കാലത്ത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും വ്യാജ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുക. അത്തരത്തിലൊരാള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ആര്‍. മാധവന്‍. 

മാധവന്‍ മദ്യപാനത്തിനും മയക്കു മരുന്നിനും അടിമയാണെന്നുമായിരുന്നു അയാളുടെ ആരോപണം.

മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ത്തത് തികച്ചും ഹൃദയഭേദകമാണ്‌. ബോളിവുഡില്‍ എത്തിയതിന് ശേഷമാണ് മാധവന്‍ നശിച്ചത്- അയാള്‍ ട്വീറ്റ് ചെയ്തു. 

ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്തതോടെ അത് മാധവന്റെയും ശ്രദ്ധയില്‍പ്പെട്ടു. അതിന് മാധവന്‍ നല്‍കിയ മറുപടിയിങ്ങനെ...

ഓ.. ഇതാണോ നിങ്ങളുടെ രോഗനിര്‍ണ്ണയം? എനിക്ക് നിങ്ങള്‍ രോഗികളുടെ കാര്യം ആലോചിച്ച് വിഷമം തോന്നുന്നു. നിങ്ങള്‍ക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു- മാധവന്‍ കുറിച്ചു.

മറുപടി വന്നതോടെ ഒട്ടനവധിപേര്‍ മാധവന് പിന്തുണയുമായി രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങളിലൂടെ യാതൊരു കൂസലുമില്ലാതെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ചിലര്‍ കുറിച്ചു. തൊട്ടുപിന്നാലെ അയാളുടെ അക്കൗണ്ടും അപ്രത്യക്ഷമായി. 

Content Highlights: R Madhavan actor hits back to a twitter user who called him drug addict and alcoholic