കാമ്പസിന്റെ കഥ പറഞ്ഞ ക്വീന്‍ എന്ന ചിത്രം കാണാത്തവര്‍ വിരളമായിരിക്കും. പക്ഷേ, പടം കണ്ടവര്‍ക്കും കാണാത്തവര്‍ക്കും ഒരുപോലെ സുപരിചിതയായ ഒരാളുണ്ട് ആ ചിത്രത്തില്‍. സാനിയ ഇയ്യപ്പന്‍. നായിക സാനിയ എന്നു പറഞ്ഞാല്‍ പെട്ടന്ന് എല്ലാവരും തിരിച്ചറിഞ്ഞെന്നു വരില്ല. ചിന്നു എന്നു പറഞ്ഞാല്‍ പടം കണ്ടവര്‍ മാത്രമല്ല കാണാത്തവരും തിരിച്ചറിയും. സിനിമയില്‍ മാത്രമല്ല, ഇപ്പോള്‍ ട്രോളുകളിലും നായികയാണ് ചിന്നു എന്ന സാനിയ.

ചിന്നുവിന്റെ ടോളുകള്‍ ഫെയ്​സ്ബുക്ക് വാളിലും വാട്സ്ആപ്പ് ചാറ്റ് ബോക്സിലും വന്നു വീഴാത്ത ദിവസങ്ങളില്ല. ചിന്നു ആരാണെന്നറിയാന്‍ മാത്രം പടം തപ്പിപ്പിടിച്ച് കണ്ടവരുമുണ്ട്. ഇപ്പോള്‍ പ്രേതം എന്ന ചിത്രത്തിലൂടെ വീണ്ടും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് സാനിയ. പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് പറയുകയാണ് സാനിയ. ഒരു സ്വകാര്യ എഫ്.എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ തന്റെ നയം വ്യക്തമാക്കിയത്. ഞാന്‍ വെറുപ്പിക്കലാണെന്ന് പറയുന്നവരെ വീണ്ടും വെറുപ്പിക്കും-പുഞ്ചിരിയോടെ സാനിയ പറഞ്ഞു. ഞാന്‍ ഫെയ്ക്കാകാന്‍ ഉദ്ദേശിക്കുന്നില്ല. എങ്ങിനെയാണോ അങ്ങനെ. മറ്റുള്ളവര്‍ക്ക് വേണ്ടി മാറാന്‍ ഉദ്ദേശിക്കുന്നില്ല.

സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരെ ഗൗനിക്കുന്നില്ലെന്നും സാനിയ പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ലൈവില്‍ വന്നപ്പോള്‍ ഒരാള്‍ വളരെ മോശമായി കമന്റ് പറഞ്ഞു. ഒരു പതിനഞ്ച് വയസ്സുള്ള കുട്ടിയോട് പറയുന്നത് ഇതാണെന്ന് ഓര്‍ക്കണം. പ്രതികരിക്കേണ്ട സമയത്ത് തന്നെ അത് ചെയ്യണം. മിണ്ടാതിരുന്നിട്ട് കാര്യമില്ല- സാനിയ പറഞ്ഞു. 

തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും സാനിയ പറഞ്ഞു. അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറഞ്ഞു.

തന്റെ ആ പഴയ ക്രഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്ന രഹസ്യവും സാനിയ പങ്കുവച്ചു. സരജാനോ എന്നാണ് അദ്ദേഹത്തിന്റെ പേര്. രജിഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷയ്‌ക്കൊപ്പം സരജാനോ അഭിനയിച്ച മിന്നി മിന്നി എന്ന ഗാനം ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്. 

Content Highlights: queen cinema fame saniya iyyappan talking about her first crush june movie fame sarajano