വെള്ളിത്തിരയിലെ പ്രകടനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മലയാളത്തിലെ മറ്റ് താരങ്ങള്‍ക്കൊരു മാതൃകയാണ് പാര്‍വതി. ചുരുങ്ങിയ കാലം കൊണ്ട് രൂപത്തിലും ഭാവത്തിലും പാര്‍വതി കൈവരിച്ച മാറ്റം അവിശ്വസനീയമാണ്. ഹിറ്റാവുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ മാത്രമല്ല, വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിലും പാര്‍വതി നല്ല ഒന്നാന്തരമൊരു റോള്‍ മോഡലാണ്. ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡിലും കാലെടുത്തിവച്ചിരിക്കുകയാണ് പാര്‍വതി. ഇര്‍ഫന്‍ ഖാന്‍ നായകനായ ഖ്വാരിബ് ഖ്വാരിബ് സിംഗിള്‍ ആണ് ചിത്രം.

വേഷങ്ങളും സിനിമകളും തിരഞ്ഞെടുക്കുന്നതിലെ പാര്‍വതിയുടെ ഈ മിടുക്ക് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല, നടിയും പാര്‍വതിയുടെ സുഹൃത്തുമായ റിമ കല്ലിങ്കലാണ്. പാര്‍വതിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ ഖ്വാരിബിന്റെ പോസ്റ്റര്‍ ഷെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് റിമ പാര്‍വതിയുടെ സവിശേഷത എടുത്തു പറഞ്ഞത്.

പാറൂസ്... ഗംഭീരമാണ് ഈ പോസ്റ്ററുകള്‍. സ്വന്തം കരിയര്‍ കൈകാര്യം ചെയ്യുന്ന രീതില്‍ നീ എല്ലാവര്‍ക്കും ഒരു പ്രേരണയാവട്ടെ. സിനിമകളും വേഷങ്ങളും തിരഞ്ഞെടുക്കുന്നതിലെ മിടുക്കും ഒരു പ്രേരണയും മാതൃകയുമാവട്ടെ. തോറ്റുകൊടുക്കില്ലെന്ന ആ മനസ്സും ഒരു മാതൃകയാവട്ടെ. കാര്യഗൗരവമുള്ളതല്ലെന്ന് തോന്നുന്ന റോളുകള്‍ വേണ്ടെന്നു വയ്ക്കാനുള്ള നിങ്ങളുടെ ചങ്കൂറ്റവും അനുകരണീയമാണ്.

ബോളിവുഡ് അരങ്ങേറ്റത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സ്വയം ഒരു കലാകാരിയാണെന്ന് തെളിയിക്കുന്ന, ഒരു കലാകാരിയായി ഒരൊറ്റ അരങ്ങേറ്റമേയുള്ളൂ എന്ന് വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ഈയൊരു ടാഗ് ഇഷ്ടമില്ല എന്നറിയാം-റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം യാത്രയും പ്രണയവും ഇഴചേര്‍ന്നൊരു കഥയാണ് പറയുന്നത്. പതിവു രീതികളില്‍ നിന്ന് വേറിട്ട് പ്രണയത്തിന്റെ പുതിയൊരു കാഴ്ചപ്പാടാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ പത്തിന് തിയേറ്ററുകളിലെത്തും.