പുഷ്പയിൽ അല്ലു അർജുൻ | ഫോട്ടോ: www.facebook.com/AlluArjun
കെ.ജി.എഫ് : ചാപ്റ്റർ 2 ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റോക്കി ഭായിയുടെ പടയോട്ടം വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറപ്രവർത്തകരെയെല്ലാം ഇരുത്തി ചിന്തിപ്പിക്കുകയാണ്. കെ.ജി.എഫിന്റെ മുകളിൽ പോകുന്നതായിരിക്കണം തങ്ങളുടെ ചിത്രമെന്ന ചിന്തയിലാണ് എല്ലാവരും. അക്കൂട്ടത്തിലൊരാളാണ് അല്ലു അർജുൻ നായകനായ പുഷ്പയുടെ സംവിധായകൻ സുകുമാർ. പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ തുടങ്ങിയ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണിപ്പോൾ എന്നാണ് വരുന്ന റിപ്പോർട്ടുകൾ.
കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ദൃശ്യഭംഗിയോടെ ചിത്രമൊരുക്കാൻ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സുകുമാറിന്റെ ഈ നീക്കമെന്നാണ് വിവരം. തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാഗത്തിന് ലഭിച്ചത്. ഹിന്ദിയിൽ നിന്ന് മാത്രം 100 കോടി രൂപയാണ് പുഷ്പ കളക്ട് ചെയ്തതെങ്കിൽ 300 കോടിയാണ് കെ.ജി.എഫ് രണ്ടാം ഭാഗം ഉത്തരേന്ത്യയിൽ നിന്ന് വാരിക്കൂട്ടിയത്.
ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിൽ രണ്ടാം ഭാഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. പുഷ്പയ്ക്ക് പുതിയ തിരക്കഥ വരുന്നതിനിടെ അല്ലു അർജുൻ മറ്റൊരു ചിത്രത്തിലഭിനയിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. പുഷ്പ - 2നുവേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് ആയാണ് അല്ലു അർജുൻ പുഷ്പയിലെത്തിയത്. പുഷ്പ- ദ റൂൾ എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയ പേര്. ഫഹദ് ഫാസിൽ, രശ്മിക മന്ദന്ന, സുനിൽ, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പയിലെ പ്രധാന അഭിനേതാക്കൾ. ഒരു ഗാനരംഗത്തിൽ സാമന്തയും പ്രത്യക്ഷപ്പെട്ടിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം.
Content Highlights: Pushpa 2 shooting stopped, Sukumar Wants To Revise Script, KGF Chapter 2 Success
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..