
പുഷ്പയിൽ അല്ലു അർജുൻ
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ തിയേറ്ററുകളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഫഹദ് ഫാസില്‍ വില്ലനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിരയെത്തിയിരുന്നു. ഡിസംബര്‍ 17ന് വിവിധഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ പ്രദര്‍ശന വിജയം നേടി. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാംഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
പുഷ്പ രണ്ടാംഭാഗം മാര്‍ച്ച് മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് നായിക രശ്മിക മന്ദാന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യഭാഗത്തിന് ലഭിച്ച സ്വീകരണം രണ്ടാംഭാഗത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മാണ കമ്പനി ചിത്രത്തിന്റെ നിര്‍മാതാക്കളെ സമീപിച്ചിരുന്നു. ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്കാന് തയ്യാറായത്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയിലെത്തിയത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.
Content Highlights: Pushpa 2, Allu Arjun, Fahadh Faasil, Resmika Mandana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..