നപിണ്ടം തേടി ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും വരുന്നു. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്ന് നാല് വര്‍ഷം മുന്‍പ് ഒരുക്കിയ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീം തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

രണ്ടാം ഭാഗത്തെക്കുറിച്ച് ഞാനും രഞ്ജിത്തും പല തവണ ആലോചിച്ചതാണ്. പക്ഷേ, പുണ്യാളന്‍ അഗര്‍ബത്തീസിറെ മുകളില്‍ നില്‍ക്കുന്ന ഒരു കഥ വര്‍ക്കൗട്ട് ആയി വന്നത് ഇപ്പോഴാണ്. അങ്ങിനെ ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോല്‍ക്കാരന്‍ വീണ്ടും നിങ്ങളുടെ മുന്നിലേയ്ക്ക്. ഇത്തവണയും പുണ്യാളന്‍ കൈവിടില്ല എന്ന വിശ്വാസത്തോടെ ഞങ്ങള്‍ എത്തുന്നു-ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ നാലു വര്‍ഷമായി കൊണ്ടുനടന്ന ഒരു സ്വപ്‌നമായിരുന്നു ഇതെന്ന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു. ഇത് നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോഴാണ് അതിന് പറ്റിയ ഒരു തിരക്കഥ കിട്ടിയത്. തൃശൂരിലേയ്ക്കും പുണ്യാളനിലേയ്ക്കും പോകാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ-രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

രഞ്ജിത്തും ജയസൂര്യയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ജയസൂര്യയ്ക്ക് പുറമെ നൈല ഉഷ, അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ഇന്നസന്റ്, ശ്രീജിത്ത് രവി, ഇടവേള ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

പൂരങ്ങളുടെ പൂരം, ആശിച്ചവന്‍ തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

രാമന്റെ ഏദന്‍തോട്ടത്തിന്റെ ശ്രദ്ധേയമായ വിജയത്തിനുശേഷമാണ് രഞ്ജിത്ത് ശങ്കര്‍ പുണ്യാളനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. പ്രേതത്തിനുശേഷം രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.