നടൻ പുനീത് രാജ്കുമാറിന്റെ വിയോ​ഗത്തിൽ വികാരാധീനമായ കുറിപ്പുമായി ഭാര്യ അശ്വനി രേവന്ത്. ഹൃദയഭേദകമായ അവസ്ഥയിലും തന്നെയും കുടുംബത്തെയും ചേർത്ത് പിടിച്ചവർക്ക് നന്ദി പറയുന്നുവെന്ന് അശ്വിനി കുറിച്ചു. പുനീതിന്റെ നേത്രം ദാനം ചെയ്ത പാത പിന്തുടർന്ന് ആയിരങ്ങൾരജിസ്റ്റർ ചെയ്തത് തന്നെ വികാരാധീനയാക്കുന്നുവെന്ന് അശ്വിനി കുറിച്ചു. 

അശ്വിനിയുടെ കുറിപ്പ്

ശ്രീ പുനീത് രാജ്കുമാറിന്റെ വിയോ​ഗം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല മുഴുവൻ കർണാടകയെയും ദുഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവർ സ്റ്റാർ ആക്കിയത്, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോ​ഗം നിങ്ങളിലുണ്ടാക്കിയ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങൾ നിയന്ത്രണം വിടുകയോ, അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു. 

സിനിമയിൽ നിന്നുമാത്രമല്ല,  ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പ്രായഭേദമന്യേ പൂനീതിന് നൽകിയ അനുശോചനങ്ങളെ ഞാൻ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടർന്ന് ആയിരങ്ങൾ നേത്രദാനത്തിന് രജിസ്റ്റർ ചെയ്യുന്നത് കാണുമ്പോൾ ഞാൻ കണ്ണീരണിയുന്നു. നിങ്ങളുടെ ഈ സത്പ്രവൃത്തിയുടെ പേരിൽ പൂനീത് ആയിരങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരിൽ ​ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഞാൻ ഈ അവസരത്തിൽ അറിയിക്കുന്നു- അശ്വിനി കുറിച്ചു.

ഒക്ടോബർ 29 നാണ് പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിക്കുന്നത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ശാരീരികാസ്ഥാസ്ഥ്യം തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlights: Puneeth Rajkumar's wife Ashwini Revanath pens emotional letter after her husband's sudden demise