മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ ചിത്രം പുലിമുരുകന്‍ വീണ്ടും ചരിത്രം തിരുത്തുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ആദ്യമലയാളചിത്രം എന്ന റെക്കോര്‍ഡ് സ്വന്തംപേരില്‍ കുറിച്ച പുലിമുരുകന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 125-കോടിയിലെത്തിച്ച ആദ്യമലയാള ചിത്രം എന്ന ബഹുമതി കൂടി സ്വന്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. 

റിലീസ് ചെയ്ത് 55-ാം ദിവത്തിലാണ് 125-കോടി കളക്ഷന്‍ എന്ന നേട്ടം പുലിമുരുകന്‍ കടന്നത്. നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചെത്തിയ ചിത്രം നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളും മറികടന്നാണ് 125 കോടി കളക്ട് ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ എഴിന് റിലീസ് ചെയ്ത ചിത്രം മുപ്പത് ദിവസം കൊണ്ടാണ് നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കിയത്. 25കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രം കേരളം കൂടാതെ അറബ്യേന്‍-യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ക്രിസ്തുമസ് റിലീസ് ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തീയേറ്ററിലെത്തും മുന്‍പേ തന്നെ പുലിമുരുകന്‍ 150-കോടി കളക്ഷന്‍ സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍. ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ നരഭോജികളായ വരയന്‍ പുലികളെ വേട്ടയാടുന്ന മുരുകന്‍ എന്നയാളുടെ കഥയാണ് പറയുന്നത്.