സ്പോര്‍ട്സ് ബയോപിക്കുകളുടെ കുത്തൊഴുക്കിനിടയില്‍ ഇതാ ഇന്ത്യ കാത്തിരുന്ന ചിത്രം. ഇന്ത്യയുടെ ഒരേയൊരു വനിതാ സ്പ്രിന്റ് ഇതിഹാസം പി.ടി.ഉഷയുടെ ജീവിതവും അഭ്രപാളിയില്‍ വീണ്ടും ജീവന്‍വയ്ക്കുകയാണ്. മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ബോളിവുഡും കടന്ന് ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച പ്രിയങ്ക ചോപ്രയാണ് പയ്യോളി എക്സ്പ്രസിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്.
ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഒരു കായികതാരത്തിന് വെള്ളിത്തിരയിൽ ജീവൻ പകരുന്നത്. 2014ൽ പുറത്തിറങ്ങിയ മേരി കോമിലും പ്രിയങ്ക തന്നെയായിരുന്നു നായിക.
പി.ടി.ഉഷ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മയാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
നൂറ് കോടി രൂപ ബജറ്റ് കണക്കാക്കുന്ന ചിത്രം നിര്‍മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. പയ്യന്നൂർ സ്വദേശിയായ ഡോ. സജീഷ് സര്‍ഗമാണ് തിരക്കഥ ഒരുക്കുന്നത്.
ഇന്ത്യയുടെ മറ്റൊരു സ്പ്രിന്റ് ഇതിഹാസമായ മില്‍ഖാ സിങ്ങിന്റെയും മിൽഖയുടെ സമകാലികനായ അത്ലറ്റ് പാന്‍ സിങ് തോമറിന്റെയും ജീവിതം നേരത്തെ സിനിമയായിട്ടുണ്ട്. മേരി കോം, എം.എസ്. ധോനി, ഗുസ്തി താരങ്ങളായ ബബിത കുമാരി, ഗീതാകുമാരി, അസറുദ്ദീന്‍ എന്നിവരുടെ ജീവിതകഥയും നേരത്തെ സിനിമയായിട്ടുണ്ട്. ഫീച്ചര്‍ സിനിമ എന്ന് പൂര്‍ണമായ പറയാനാവില്ലെങ്കിലും സച്ചിന്റെ ജീവിതവും അഭ്രപാളിയില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ ആണ് മലയാളത്തിലെ ആദ്യത്തെ സ്പോര്‍സ് ബയോപിക്ക്. ഇതിന് പുറമെ ഐ.എം.വിജയന്റെ ജീവിതവും വെള്ളിത്തിരയില്‍ പുനരവതരിക്കാൻ ഒരുക്കങ്ങൾ നടക്കുന്നതായി വാർത്തയുണ്ട്.
ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിന് വെങ്കല മെഡല്‍ നഷ്ടപ്പെട്ട ഉഷ ഇന്ത്യയ്ക്കുവേണ്ടി ട്രാക്കില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മെഡല്‍ നേടുന്ന വനിതാ താരമാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മാത്രം അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും നേടി. സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്.
അര്‍ജുന അവാര്‍ഡും പത്മശ്രീയും നല്‍കി രാജ്യം ആദരിച്ച ഉഷ അഞ്ചു തവണ ഏഷ്യയിലെ ഏറ്റവും മികച്ച അത്‌ലറ്റിനുള്ള ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. 1986 സോള്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച അത്‌ലറ്റിനുള്ള സ്വര്‍ണപാദകവും നേടിയിട്ടുണ്ട് ഈ പയ്യോളിക്കാരി.