ജയ്പൂര്‍:  സഞ്ജയ് ലീലാ ബന്‍സാലിയുടെ ചരിത്രസിനിമാസംരംഭമായ പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തെ പിന്തുണച്ച വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീത് ചെയ്യണമെന്ന് രജ്പുത് മഹാസഭ ആവശ്യപ്പെട്ടു. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

ക്ഷത്രിയവംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് രജപുത്ര കുടുംബത്തിലെ അംഗവും ബി.ജെ.പി എംഎല്‍.എയുമായ ദിയാ കുമാരിയും രംഗത്തുവന്നിട്ടുണ്ട്. റിലീസ് തടയണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും സെന്‍സര്‍ ബോര്‍ഡിനും കത്തയക്കുമെന്ന് ബി.ജെ.പി. ഗുജറാത്ത് ഘടകവും പറയുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.കെ. ജഡേജയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 

രജപുത്രവംശത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ പത്മാവതി പ്രദര്‍ശിപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും നടപടിയെടുക്കണമെന്ന് ജയ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതാപ് സിംഗ് ഖചാരിയാവാസ് ആവശ്യപ്പെട്ടു.

'പത്മാവതി'യുടെ ചിത്രീകരണസമയത്തുതന്നെ രജപുത്രകര്‍ണിസേന എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. ചലച്ചിത്രത്തില്‍, ചിറ്റോറിലെ റാണി പത്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞാണ് രജപുത്രകര്‍ണിസേന രംഗത്തെത്തിയത്. ഇവര്‍ രാജസ്ഥാനിലെ സിനിമാചിത്രീകരണസ്ഥലം ആക്രമിച്ചതോടെ ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേക്കു മാറ്റി. ഇവിടെ ചിത്രീകരണത്തിനുള്ള 'സെറ്റ്' പൂര്‍ണമായി തീപിടിച്ച് നശിച്ചിരുന്നു. മാത്രമല്ല സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അനാവശ്യമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനുമുന്‍പ് രജപുത്രനേതാക്കള്‍ക്കുവേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ജഡേജ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിങ് വഗേലയും രംഗത്തുവന്നിരുന്നു.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.