മാന്നാർ: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചലച്ചിത്രം ‘ചുരുളി’യ്ക്കെതിരേ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചു. ശുഭാനന്ദ ഗുരുദേവൻ എഴുതിയ 'ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം' എന്ന കീർത്തനം സിനിമയിൽ ആശ്രമത്തിന്റെ അനുവാദം കൂടാതെ കള്ളുഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണു കാരണം. 
 
മാന്നാർ കുറ്റിയിൽ ജങ്ഷനിലായിരുന്നു പോസ്റ്റർ കത്തിച്ചത്. രാജേഷ് ബുധനൂർ, മനോജ്പരുമല, സന്തോഷ് കുട്ടമ്പേരൂർ, ഓമനക്കുട്ടൻ, മനു മാന്നാർ, അജേഷ്, വിനു എന്നിവർ സംസാരിച്ചു. സംഭവം മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കുട്ടമ്പേരൂർ ശുഭാനന്ദാശ്രമം അധികൃതർ അറിയിച്ചു.
 
സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ ഇക്കഴിഞ്ഞ 19നാണ് ചുരുളി പ്രദർശനത്തിനെത്തിയത്. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ​ഗീതി സം​ഗീത, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടത്. 
 
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
 
ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ അശ്ലീല‌/ അസഭ്യ സംഭാഷണങ്ങൾ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ചുരുളി’യുടെ ഓടിടി പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് വ്യക്തമാക്കി സെൻസർ ബോർഡ് രം​ഗത്തെത്തുകയും ചെയ്തു
 
content Highlights : Protest against churuli movie Lijo Jose Pellissery Vinay Forrt Chemban vinod