പാരമ്പര്യം കൊണ്ട് എത്തിയാലും നിലനില്ക്കാന്‍ കഴിവ് തന്നെ വേണം, നീരജിന് മറുപടിയുമായി സിദ്ധു പനക്കല്‍


'കയറ്റിവെച്ച കാല്‍ ഇറക്കിവെക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുമ്പോഴാണ് അഹങ്കാരമോ ജാടയോ ആയി മാറുന്നത്. സ്വഭാവഗുണം എന്നത് സിനിമയില്‍ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണ്.'

-

സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പല സിനിമാസെറ്റുകളിലും സീനിയര്‍ നടന്‍മാരെയും മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും വേര്‍തിരിച്ച് കാണാറുണ്ടെന്നുമുള്ള വെളിപ്പെടുത്തലുകളുമായി നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്ന സുരക്ഷിതമാണെന്നും നീരജ് പറഞ്ഞിരുന്നു. നീരജിന്റെ പ്രസ്താവനകള്‍ക്ക് ശക്തമായ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനക്കല്‍. സിനിമാതാരങ്ങളുടെ മക്കള്‍ സിനിമയിലെത്തിയിട്ടുണ്ടെന്നും അതില്‍ പല കാരണങ്ങളാലും പിന്‍വാങ്ങിയവരും മേഖലയില്‍ ആധിപത്യം സ്ഥാപിച്ചവരുമുണ്ടെന്നും സിദ്ധു പറയുന്നു. എന്നാല്‍ പാരമ്പര്യം കൊണ്ട് സിനിമയിലെത്താമെങ്കിലും നിലനില്‍ക്കാന്‍ കഴിവു തന്നെ വേണമെന്നും പ്രേക്ഷകര്‍ അംഗീകരിക്കണമെന്നതും പ്രധാനമാണെന്നും സിദ്ധു പറയുന്നു. നീരജ് പോസ്റ്റില്‍ പറയുന്ന പരാമര്‍ശങ്ങളോരോന്നിനും മറുപടി നല്‍കിക്കൊണ്ടാണ് സിദ്ധു പനക്കലിന്റെ പോസ്റ്റ്.

സിദ്ധു പനക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പല സിനിമാ താരങ്ങളുടെയും മക്കള്‍ അഭിനയരംഗത്തേക്ക് വന്നിട്ടുണ്ട്. അവരില്‍ വലിയചലനങ്ങള്‍ സൃഷ്ടിക്കാതെ തുടരുന്നവരുണ്ട്. കാലക്കേട് കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ അര്‍ഹിക്കുന്ന അവസരം കിട്ടാതെ പിന്‍വാങ്ങിയവരുണ്ട്. അഭിനയക്കളരിയില്‍ ആധിപത്യം സ്ഥാപിച്ചവരുമുണ്ട്. അങ്ങിനെ നോക്കുമ്പോള്‍ പാരമ്പര്യം അഭിനയരംഗത്തെ സേഫ് ആക്കുന്നു എന്നതിനോട് യോജിക്കാനാവില്ല. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാന്‍ ഒരെളുപ്പമാര്‍ഗമായിരിക്കും. പക്ഷെ നിലനില്‍ക്കാന്‍ പാരമ്പര്യം മാത്രം പോരാ. കഴിവുവേണം, അത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകണം. സിനിമകള്‍ ഓടണം. സീനിയേഴ്‌സിനോട് ബഹുമാനവും സഹപ്രവര്‍ത്തകരോട് സ്‌നേഹവും പ്രകടിപ്പിക്കാനറിയണം. സര്‍വോപരി ദൈവാനുഗ്രഹവും ഭാഗ്യവും ഉണ്ടാവണം. കലാകാരന്മാരുടെ കഴിവുതന്നെയാണ് ഭാവി നിശ്ചയിക്കുന്നത്. നല്ല കലാകാരന്മാര്‍ നല്ല മനുഷ്യരും കൂടിയാവണം. ആ കാര്യത്തില്‍ മലയാള സിനിമാരംഗം സമ്പന്നമാണ്. കുപ്പിഗ്ലാസും സ്റ്റീല്‍ഗ്ലാസും കലാകാരന്മാരുടെ കഴിവിനെയോ യോഗ്യതയെയോ തരംതിരിച്ചു കാണിക്കുന്നുണ്ടോ. ഇല്ലെന്നാണ് എന്റെ വിശ്വാസം. ഗ്ലാസ് വൃത്തിയുള്ളതായിരിക്കുക എന്നതാണ് പ്രധാനം മനസും. സ്റ്റീല്‍ ഗ്ലാസ് മോശമായതോ കുപ്പിഗ്ലാസ്സ് മേന്മയേറിയതോ അല്ല. കൂളിംഗ് ഗ്ലാസ് ധരിക്കുന്നതോ, കാലിന്മേല്‍ കാല്‍കയറ്റിവെക്കുന്നതോ അഹങ്കാരമോ ജാടയോ ആയി ആരും കണക്കാക്കാറില്ല. അത് ഓരോരുത്തരുടെയും സൗകര്യമോ സ്വാതന്ത്ര്യമോ ആണ്. പക്ഷെ കയറ്റിവെച്ച കാല്‍ ഇറക്കിവെക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് ചെയ്യാതിരിക്കുമ്പോഴാണ് അഹങ്കാരമോ ജാടയോ ആയി മാറുന്നത്. സ്വഭാവഗുണം എന്നത് സിനിമയില്‍ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണ്. തരുന്നത് വാങ്ങിക്കൊണ്ടു പോകുക എന്ന രീതിയൊന്നും സിനിമയില്‍ ഇല്ല. ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ വരുന്നവരും മറ്റുള്ളവരും പ്രാധാന്യം കൊടുക്കുന്നത് കാശിനല്ല അവസരങ്ങള്‍ക്കാണ്. അവസരങ്ങള്‍ക്കു പിന്നാലെ ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ പണവും പ്രശസ്തിയും വരുമെന്നവര്‍ക്കറിയാം.ഞാനങ്ങിനെ പൈസ പറയാനൊന്നും ആയിട്ടില്ല ഇപ്പോള്‍ ആവശ്യം ചാന്‍സ് ആണ് ചേട്ടാ എന്ന് നിരവധിപേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനെയാണ് കൊടുക്കുന്നത് വാങ്ങിപോവുക എന്ന് പറയുന്നത്. അങ്ങിനെ കണക്കുപറയാത്തവര്‍ പലരും കണക്ക് പറയാതെതന്നെ കണക്കിന് കാശ് വാങ്ങാന്‍ പാകത്തില്‍ സിനിമയുടെ ഉയരങ്ങളില്‍ എത്തിയിട്ടുമുണ്ട്. താരങ്ങള്‍ക്കു സിനിമയിലെ ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് ശമ്പളവും ക്രമാനുഗതമായി ഉയര്‍ന്നുതന്നെയാണ് പോയിട്ടുള്ളത്. സിനിമയിലെ ഒരു സാധാരണ ജോലിക്കാരന്റെ പകുതിശമ്പളത്തില്‍ നിന്ന് ഏഴക്കമുള്ള ശമ്പളത്തിലേക്കൊക്കെ എത്തുമ്പോള്‍, തന്ന കാശ് മേടിച്ചു വീട്ടില്‍ പോയിരുന്ന കാലത്തുനിന്നു വലിയ മാറ്റങ്ങള്‍ വന്നു എന്ന് മനസിലാക്കാം. അര്‍ഹത ഉള്ളതുകൊണ്ടാണല്ലോ നിര്‍മാതാവ് അത് കൊടുക്കാന്‍ തയ്യാറാവുന്നത്. ചിലപ്പോള്‍ ചിലര്‍ക്ക് ഒരു ഉള്‍വിളിതോന്നും അഭിനയരംഗത്തു കത്തിനില്‍ക്കുമ്പോള്‍ തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനുമൊക്ക പോകണം എന്ന്. എഴുതാനും ഷൂട്ടിംഗിനും പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ആറോ ഏഴോ മാസമോ ചിലപ്പോള്‍ ഒരു കൊല്ലമോ അഭിനയരംഗത്തുനിന്ന് വിട്ടു നില്‍ക്കേണ്ടി വരും. ആ സമയത്ത് അഭിനയിക്കാന്‍ വിളിച്ചാല്‍ പോകാന്‍ പറ്റില്ല. അവിടെ വേറെ ആളുകള്‍ വരും. അവര്‍ ക്ലിക്ക് ആയാല്‍ ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ അവര്‍ക്കു പിന്നാലെ പോകും. പകരംവെക്കാന്‍ വേറെ ആരുമില്ല എന്നുള്ളവര്‍ക്കൊഴികെ ചാന്‍സ് കുറയാന്‍ ഇതും കാരണമാവാറുണ്ട്. കൊച്ചു സിനിമകള്‍ ഓടുന്നില്ല എന്ന് വെറുതെ തോന്നുന്നതാണ്. അര്‍ഹതപ്പെട്ട ചെറിയ സിനിമകള്‍, താരതമേന്യ പുതുമുഖങ്ങള്‍ അഭിനയിച്ച കൊച്ചു സിനിമകള്‍ ഇവിടെ സൂപ്പര്‍ഹിറ്റ് ആയി ഓടിയിട്ടില്ലേ. കോടികള്‍ മുതല്‍മുടക്കും സമയത്തിന് പണത്തേക്കാള്‍ വിലയുമുള്ള സിനിമാരംഗം പ്രായത്തിന്റെ അപക്വതക്കും അശ്രദ്ധക്കും പിടിവാശിക്കും മുന്നില്‍ മുട്ടുമടക്കാനുള്ളതല്ല.ഈയിടെ വേറൊരു വിഷയം മൂലം ഒന്ന് രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നപ്പോഴും പലരും പറയുന്നത് കേട്ടു പ്രായത്തിന്റെ പക്വതയെപ്പറ്റി.23 ഉം 24 ഉം വയസില്‍ വരാത്ത പക്വത ഇനി എന്ന് വരാനാണ്. അങ്ങിനെയെങ്കില്‍ 18 വയസില്‍ അഭിനയം തുടങ്ങിയ ലാലേട്ടനും 19 വയസില്‍ അഭിനയം തുടങ്ങിയ പൃഥ്വിരാജും പ്രായത്തിന്റെ പക്വതയെപ്പറ്റി പരാതി പറയാന്‍ ഇടവരുത്തിയിട്ടില്ലല്ലോ. അര്‍ഹതപ്പെട്ട ഡിമാന്റിങ് എല്ലാവരും അംഗീകരിച്ചു കൊടുക്കാറുമുണ്ട്. വളര്‍ന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്. എല്ലാ സിനിമകള്‍ക്ക് പിന്നിലും ഈ ഒരു സംഘം തന്നെയാണോ പ്രവര്‍ത്തിക്കുന്നത്. ഓരോ സിനിമകളുടെയും ആര്‍ട്ടിസ്റ്റുകളെ തീരുമാനിക്കുന്നത് ആ സിനിമയുടെ ഡയറക്ടര്‍, നിര്‍മാതാവ്, തിരക്കഥാരചയിതാവ് എന്നിവര്‍ ചേര്‍ന്നാണ്. വളരെ ചെറിയൊരു പങ്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കുമുണ്ടാകും. ഈ മൂന്നോ നാലോ പേരാണോ ഗൂഢസംഘം. അങ്ങിനെയെങ്കില്‍ 140 ഉം 150 ഉം സിനിമകള്‍ റിലീസ് ആവുന്ന മലയാള രംഗത്ത് 150 ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ..?. അഭിനയത്തിന്റെ ആദ്യകാലത്ത് ധാരാളം അവസരങ്ങള്‍ കിട്ടുകയും, കഴിവ് തെളിയിച്ചിട്ടും പിന്നീട് ചാന്‍സുകള്‍ കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം ഒരു സ്വയം പരിശോധനക്കാണ് തയ്യാറാവേണ്ടത്. തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടോ തെറ്റുണ്ടെന്ന് മനസിലാവുകയാണെങ്കില്‍ തിരുത്തലിനു തയ്യാറാവണം. അല്ലാതെ ഗൂഢസംഘം, മുളയിലേ നുള്ളുക എന്നീ വാക്കുകള്‍ കൊണ്ട് പഴി മറ്റുള്ളവരുടെ മേലെ ചാരാന്‍ ശ്രമിക്കുമ്പോള്‍ അത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നുള്ള ഒളിച്ചോടലാവും.

Content Highlights : production controller sidhu panakkal replies to neeraj madhav's controversial post film industry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented