കോവിഡ് അനിശ്ചിതത്വത്തിലാക്കിയ സിനിമാ മേഖലയിലെ ദിവസത്തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ ഏവരും മുന്നോട്ട് വരണമെന്ന അഭ്യർഥനയുമായി പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കര. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷാജി പട്ടിക്കര സിനിമയിലെ സഹപ്രവർത്തകനെ ആപത്ഘട്ടത്തിൽ ചേർത്തു പിടിക്കാൻ സ്വമനസ്സാലെ കഴിയുന്നവർ മുൻപോട്ടുവരും എന്ന് പ്രതീക്ഷ പങ്കുവച്ചത്.

ഷാജി പട്ടിക്കരയുടെ കുറിപ്പ്

സഹപ്രവർത്തകരുടെ അടുപ്പും പുകയട്ടെ

കെട്ടകാലം എന്ന് പറയുന്നതിനേക്കാൾ ആസുര കാലം എന്ന് വിളിക്കുന്നതാവും വർത്തമാനകാലത്തിന് കൂടുതൽ ചേരുക... ഏതാണ്ട് പതിന്നാല് മാസക്കാലത്തെ വിരസതയ്ക്കും തൊഴിലില്ലായ്മയ്ക്കും, പട്ടിണിക്കും ശേഷം പുതു പ്രതീക്ഷയോടെ ജീവിതത്തിലേക്ക് കാലെടുത്തുവച്ചപ്പോൾ അതിശക്തമായി തിരിച്ചെത്തിയ കൊറോണയുടെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുകയാണ് ഓരോ മനുഷ്യനും ..

ലക്ഷങ്ങളും കോടികളും ബാങ്ക് അക്കൗണ്ടിലുളളവർക്ക് ലോക്ക് ഡൗൺ കാലം വിരസത പോലുമാവില്ല ...അവർക്കത് പാചക പരീക്ഷണങ്ങളുടേയും, കുടുംബത്തോടൊപ്പമുള്ള ആസ്വദനത്തിൻ്റെയും കാലമാണ് ...എന്നാൽ അന്നന്നത്തെ അന്നത്തിന് വക തേടുന്ന
സാധാരണക്കാരൻ്റെ അവസ്ഥ അതല്ല ..

നാളെ എന്നത് അവൻ്റെ മുന്നിൽ ഒരു ചോദ്യച്ചിഹ്നമായിരിക്കുന്നു. മറ്റെല്ലാ മേഖലകളും ഇടയ്ക്കൊക്കെ ആശ്വാസമേകി ചലിച്ചു തുടങ്ങിയെങ്കിലും സിനിമാ മേഖലയ്ക്ക് ജീവശ്വാസം കിട്ടിയത് ഏറ്റവും അവസാന ഘട്ടത്തിലാണ് ..അവിടെ സാധാരണ നിലയിലേക്ക് പിച്ചവച്ചു തുടങ്ങിയ അവസരത്തിലാണ് ഇടിത്തീ പോലെ മഹാമാരിയുടെ രണ്ടാം വരവ് .. ദിവസക്കൂലിക്ക് പണിയെടുക്കുന്ന നിരവധി വിഭാഗങ്ങളുണ്ട് സിനിമയിൽ.. അവർ പകച്ചു നിൽക്കുകയാണ് ...

സിനിമാരംഗം നിശ്ചലമായതോടെ പട്ടിണിയിലായിപ്പോയ ദിവസത്തൊഴിലാളികൾക്ക് വലിയ സഹായമാണ് ബോളിവുഡ് താരം സൽമാൻ ഖാൻ നൽകുന്നത് .. എല്ലായ്പ്പോഴും നമ്മൾ കേൾക്കാറുളള വാർത്തകളിൽ സിനിമാലോകം പ്രതിസന്ധിയിലാകുമ്പോഴൊക്കെ സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി ആദ്യമെത്തുന്നത് ഹിന്ദി - തമിഴ് ചലച്ചിത്ര മേഖലയിലെ താരങ്ങളും, നിർമ്മാണ കമ്പനികളും, സാങ്കേതിക വിദഗ്ധരുമാണ്..

മലയാള സിനിമയിലും അത്തരത്തിൽ സഹായിക്കാൻ കഴിവുള്ള ഒട്ടനവധി താരങ്ങളുണ്ട്, സാങ്കേതിക പ്രവർത്തകരുണ്ട്, നിർമ്മാതാക്കളുണ്ട് .. ഇപ്പോഴാണ് സഹായം ആവശ്യമുള്ളത് ... വിശക്കുമ്പോഴാണ് ആഹാരം നൽകേണ്ടത് ... സമയത്തിൻ്റെ പ്രാധാന്യം അത്രയ്ക്കും വലുതാണ് ..
ഓരോ നിമിഷവും വിലപ്പെട്ടതാണ് ....

സഹപ്രവർത്തകൻ പട്ടിണി കിടക്കുമ്പോൾ മൃഷ്ടാന്നം കഴിച്ച് സുഖലോലുപതയിൽ ജീവിക്കുന്നതിൽ അർത്ഥമില്ല ... ഒരാളുടെയും പേരെടുത്ത് പറയാൻ കഴിയില്ല ..എങ്കിലും ആപത്ഘട്ടത്തിൽ സഹപ്രവർത്തകനെയും ചേർത്തു പിടിക്കാൻ സ്വമനസ്സാലെ കഴിയുന്നവർ മുൻപോട്ടുവരും എന്ന് പ്രതീക്ഷിക്കാം ...

മനസ്സിലെ നന്മ വറ്റിയിട്ടില്ലാത്ത ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ ...
സ്നേഹത്തോടെ,
ഷാജി പട്ടിക്കര

Content Highlights : Production Controller Shaji Pattikkara About Daily wage workers in malayalam cinema