വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ഏറെ വാര്‍ത്താ പ്രധാന്യം നേടിയ സിനിമയാണ് വര്‍മ. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ, സംവിധാനം ചെയ്തിരുന്നത് ബാലയായിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെ സംവിധായകനും നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്സും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറി. 

ആദിത്യ വര്‍മ എന്ന പേരില്‍ ഗണേശായ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്നു ഗണേശായ. സിനിമയുടെ ചിത്രീകരണം നിന്നു പോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് നിര്‍മാതാവ് മുകേഷ് മേത്ത. 

ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഞങ്ങള്‍ പോര്‍ച്ചുഗലില്‍ പോകാനിരിക്കുകയാണ്. 2019 ല്‍ തന്നെ ചിത്രം പുറത്തിറങ്ങും-മേത്ത പറഞ്ഞു. 

ആദിത്യ വര്‍മ്മയിലെ നായികയായി ബനിത സന്ധുവാണ് വേഷമിടുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ബംഗാളി നടി മേഘ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്‌നയെയും മറ്റൊരു നടിയായ റെയ്സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്‌സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്. 

അര്‍ജുന്‍ റെഡ്ഢിയുടെ സംഗീത സംവിധായകന്‍ രഥന്‍ തന്നെ ആദിത്യ വര്‍മ്മയിലെ ഗാനങ്ങള്‍ക്ക് ഈണം പകരും. രവി കെ ചന്ദ്രന്‍ ഛായാഗ്രഹകനാകും. 2011ല്‍ പുറത്തിറങ്ങിയ ഏഴാം അറിവ് റിലീസായി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനൂണ്ട്. 

Content Highlights:producers slams reports, Adithya Varma not dropped, dhruv vikram, Gireesaaya, banitha sandhu