കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ നിലച്ച സിനിമാ നിർമാണം ഓഗസ്റ്റ് ഒന്നു മുതൽ പുന:രാരംഭിക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. പുതിയ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന അസോസിയേഷന്റെ ആവശ്യം അമ്മയും ഫെഫ്കയും അംഗീകരിച്ച് കത്തു നൽകിയ സാഹചര്യത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.

അതേസമയം, നിർമാണമാരംഭിക്കാൻ രജിസ്ട്രേഷനെത്തുന്ന പുതിയ ചിത്രങ്ങളുടെ വിപണനസാധ്യത പരിഗണിച്ച ശേഷമേ അവയ്ക്ക് അനുമതി നൽകൂ എന്നും അസോസിയേഷൻ പറയുന്നു. നിലവിൽ നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ 66 ചിത്രങ്ങളുടെ വാണിജ്യ-വിപണന സാധ്യകൾ ഒരുക്കിയതിനു ശേഷ​​മേ പുതിയ ചിത്രങ്ങൾ പരിഗണിക്കൂവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സർക്കാർ നിർദേശിച്ചിരിക്കുന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചിത്രീകരണം. നിലവിൽ ഇൻഡോർ ഷൂട്ടിങ് മാത്രമാവും ഉണ്ടാവുക. പരമാവധി 50 അംഗങ്ങ​​ളെ മാത്രമേ ക്രൂവിൽ ഉൾപ്പെടുത്തൂവെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.