കൊച്ചി: നടൻ ഷെയ്ൻ നിഗമുമായി സഹകരിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നടത്തുന്നത് തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളാണെന്നും അസോസിയേഷന്‍ ആരോപിച്ചു. അടുത്തുതന്നെ കൊച്ചിയില്‍ ചേരുന്ന അസോസിയേഷന്റെ തീരുമാനം താരസംഘടനയെ അറിയിക്കും.

നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ എന്ന സിനിമയുമായി സഹകരിക്കാന്‍ നടന്‍ ഷെയ്ന്‍ നിഗം തയ്യാറാവുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഷെയ്നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു വെയില്‍.  

തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ന്‍ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയും നല്‍കിയിരുന്നു.

തുടര്‍ന്ന് ഷെയ്നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനമെടുത്തിരുന്നു. ഷെയ്നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു. 

ഷെയ്നിന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. സെറ്റിലെത്തിയ ഷെയ്ന്‍ ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോവുകയും ചെയ്തു. ഷെയ്നിനെ അന്വേഷിച്ച സംവിധായകന്‍ ശരതിന് ഷെയ്ന്‍ അയച്ചു നല്‍കിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ  വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിച്ചോളും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പും പുറത്തു വന്നു.

ജോബി ജോര്‍ജ് തനിക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ജോബിയുടെ വോയ്സ് ക്ലിപ്പും ഷെയ്ന്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ 'കുര്‍ബാനി'ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിര്‍മാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്‌നിന്റെ ആരോപണം. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് ജോബി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തി. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാന്‍ നിര്‍മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുന്‍കൈ എടുക്കുന്നത്.

ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു കൂടാതെ നവംബര്‍ 16 മുതല്‍ ജോബി നിര്‍മിക്കുന്ന വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കും എന്ന് ഷെയ്ന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തലമുടി വെട്ടി, പുതിയ ഹെയര്‍സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടുള്ള തന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Content Highlights : producers association against shane nigam