പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന സായി ശ്വേത എന്ന അധ്യാപികയെ കുറിച്ച് മനിർമാതാവ് ഷിബു ജി. സുശീലൻ എഴുതിയ കുറിപ്പ് വൈറലാകുന്നു. 2005ൽ താൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്ത സിനിമയിൽ അഭിനയിക്കാൻ വന്ന മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചർ എന്ന് തിരിച്ചറിഞ്ഞ അനുഭവമാണ് ഷിബു പങ്കുവച്ചിരിക്കുന്നത്.
ഷിബു പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ്
‘ഇത് ഇന്നലെ മുതൽ ഹിറ്റ് ആയ സായി ശ്വേത ടീച്ചർ. എനിക്ക് ഇന്നലെ കണ്ടപ്പോൾ മുതൽ ഒരു സംശയം ഈ ടീച്ചറെ എവിടയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീർക്കാൻ ആർട്ട് ഡയറക്ടർ രാജേഷ് കൽപത്തൂരിനെ വിളിച്ചു .അതോടെ സംശയം തീർന്നു. 2005ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയി വർക്ക് ചെയ്ത സിനിമയിൽ അഭിനയിക്കാൻ വന്ന ആ മിടുക്കി കുട്ടി സായി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചർ എന്ന്.
പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങൾ വാരി കൂടിയ കുഞ്ഞു സായി. ടീച്ചർ ആയപ്പോൾ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു. ഇന്നലെ ടീച്ചർ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാൻ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചർമാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേതക്ക് എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ.’
അധ്യാപനത്തിൽ ഒരുവർഷത്തെ അനുഭവം മാത്രമുള്ള സായിശ്വേത മികച്ച അവതരണത്തിലൂടെയാണ് കുരുന്നുകളുടെയും രക്ഷിതാക്കളുടെയും മനംകവർന്നത്. ഒന്നാം ക്ലാസുകാരില്ലാത്ത വീട്ടുകാർപോലും ക്ലാസ് സശ്രദ്ധം കണ്ടിരുന്നാസ്വദിച്ചു. ക്ലാസ് ആരംഭിച്ചതോടെ വീടുകളിലെ മുതിർന്നവരും ടി.വി.ക്കു മുമ്പിലെത്തി. കൺമുന്നിൽ ടീച്ചറെന്നപോലെ വീടുകൾക്കകത്തിരുന്ന് കുഞ്ഞുങ്ങൾ അവർക്കൊപ്പം ചേർന്നു. ടീച്ചറുടെ മുമ്പിൽ കുട്ടികളുണ്ടോ എന്ന് പരിപാടി കാണുന്നവർപോലും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു അവതരണം.
content Highlights : Producer Shibu J Suseelan About Sai Swetha Viral Teacher