സംവിധായകൻ ലിജോ ജോസ്  പെല്ലിശ്ശേരിക്കെതിരെ ഫിലിം ചേംബർ ഭാരവാഹിയായ അനിൽ തോമസ്. സിനിമയുടെ സ്രഷ്ടാവ് നിർമാതാവാണെന്നും നിർമ്മാതാവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായുളള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും വ്യവസാമെന്ന നിലയിൽ ഇപ്പോൾ ഒരുമയാണ് വേണ്ടതെന്നും ഫിലിം ചേംബർ വൈസ് പ്രസിഡൻ്റ് അനിൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ മേഖല നാർസിസ്റ്റുകൾക്ക്  (അവനവന്റെ ഗുണങ്ങളില്‍ മതിമറക്കുന്നവർ) പറ്റിയതല്ലെന്നും അനിൽ പ്രതികരിച്ചു. 

താന്‍ ഇനി മുതല്‍ സ്വതന്ത്ര സംവിധായകനാണെന്നും തന്റെ ചിത്രം എവിടെ പ്രദര്‍ശിപ്പിക്കണമെന്നുള്ളത് താന്‍ തീരുമാനിക്കുമെന്നും വ്യക്തമാക്കി ലിജോ രം​ഗത്ത് വന്നത് വാർത്തയായിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി റിലീസിന് ചില ചിത്രങ്ങള്‍ തയ്യാറെടുക്കുകയും അതിനെതിരേ ഒരു  വിഭാഗം രംഗത്ത് വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ലിജോയുടെ പോസ്റ്റ്. ഇതിനോടൊപ്പം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി ലിജോ വിമർശിക്കുകയും ചെയ്തിരുന്നു.

ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനുള്ള  മറുപടിയാണ് അനിൽ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

അനിൽ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞങ്ങൾക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മൾ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രൃമാണ്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം. 


നമ്മൾ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴില്‍ രഹിതരായ ലക്ഷക്കണക്കിന് ആളുകള്‍, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങൾ..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാർസിസ്റ്റുകൾ പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ...ഈ പരീക്ഷണ സമയത്ത് ജീവിക്കാൻ ശ്രമിക്കു...കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും
ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്. 
സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും
അങ്ങോട്ട് നൽകുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ
പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്
കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്, 
ഞങ്ങൾ ബിസിനസുകാരാണ്, ഞങ്ങളുടെ മുൻ‌ഗണനകൾ എല്ലാറ്റിനുമുപരിയായി വരുന്നു ...
അടികുറിപ്പ് : അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ !?

content highlights : Producer anil thomas film chamber against lijo jose pellissery