ല്‍ഹിയെ മൂടിയ കോടമഞ്ഞ് മുടക്കിയത് ഒരുപാട് പേരുടെ യാത്ര മാത്രമല്ല. നടി പ്രിയങ്ക ചോപ്രയുടെ വലിയൊരു സ്വപ്‌നം കൂടിയായിരുന്നു. ഈ കോടമഞ്ഞ് ഇല്ലായിരുന്നെങ്കില്‍ പ്രിയങ്ക ഇന്ന് ഡോക്ടര്‍ പ്രിയങ്ക ചോപ്രയാകുമായിരുന്നു.

ബറേലി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാനായി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് പ്രിയങ്ക ബറേലിയിലേയ്ക്ക് പോകാന്‍ ഒരുങ്ങിയത്. എന്നാല്‍, ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പ്രിയങ്കയുടെ വിമാനത്തിന് പറക്കാന്‍ അനുമതി ലഭിച്ചില്ല. കേന്ദ്രമന്ത്രിമാര്‍ കൂടി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡിലും ഹോളിവുഡിലും നിറഞ്ഞുനില്‍ക്കുന്ന പ്രിയങ്കയ്ക്ക് കഴിഞ്ഞതുമില്ല.

തന്റെ വലിയൊരു സ്വപ്‌നം സഫലമാകാതിരുന്നതിന്റെ വിഷമം ട്വിറ്ററിലൂടെ പങ്കുവയ്ക്കാനും മറന്നില്ല പ്രിയങ്ക. ഞാന്‍ പ്രകൃതിയെ നിയന്ത്രിക്കുന്ന ദേവന്മാരോടും ദേവതകളോടും പ്രാര്‍ഥിക്കുകയാണ്, ദയവു ചെയ്ത് നിങ്ങള്‍ ഈ ആകാശത്തെ തടസ്സങ്ങള്‍ നീക്കിത്തരൂ. ഒരു മണിക്കൂര്‍ കാത്തിരുന്നശേഷവും വിമാനത്തിന് പറക്കാനുള്ള അനുമതി ലഭിക്കാതായതോടെ പ്രിയങ്കയുടെ ക്ഷമകെട്ടു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നെ പറക്കാന്‍ അനുവദിക്കില്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ ഹൃദയം തകരുന്നു. ഇതെന്റെ ജീവിതത്തിലെ വിശേഷപ്പെട്ടൊരു നിമിഷമായിരുന്നു'- പ്രിയങ്ക ട്വീറ്റ് ചെയ്തു.

പ്രിയതാരം വരുമെന്ന് കരുതി മണിക്കൂറുകളോളം കാത്തിരുന്ന ബറേലി നിവാസികള്‍ക്കും ഇത് കടുത്ത നിരാശയാണ് സമ്മാനിച്ചത്. പ്രിയങ്ക വരാത്തതിന്റെ നിരാശ ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനും മറച്ചുവച്ചില്ല.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ വിഷമം ഒരു വീഡിയോയിലൂടെ പങ്കിട്ടാണ് പ്രിയങ്ക ആരാധകരെയും നാട്ടുകാരെയും തൃപ്തിപ്പെടുത്തിയത്. "ഈ ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുന്നതില്‍ അതിയായ അഭിമാനമുണ്ട്. ഈ നഗരത്തെക്കുറിച്ചുള്ള സുന്ദരമായ ഓര്‍മകള്‍ അയവിറക്കുകയാണ് ഞാന്‍. ബറേലിയിലേയ്ക്ക് വരാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഡോക്ടറേറ്റ് സ്വീരിക്കുക മാത്രമല്ല, പഴയ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും കാണുകയും എന്റെ ജീവിതത്തില്‍ സുപ്രധാനമായ പങ്കുവഹിച്ച നഗരവുമായുള്ള ബന്ധം പുതുക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ യാത്രയ്ക്ക്. എന്നെ മനസ്സിലാക്കിയ സര്‍വകലാശാലയോട് നന്ദി. എല്ലാ ബിരുദധാരികള്‍ക്കും എന്റ ആശസംകള്‍. നമുക്ക് വൈകാതെ വീണ്ടും കാണാം"-പ്രിയങ്ക ട്വീറ്റ് ചെയ്തു.

ജംഷഡ്പുരില്‍ ജനിച്ച പ്രിയങ്ക വലിയ താരമാകുന്നതിന് മുന്‍പ് ഏറെക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ബറേലിയില്‍ താമസിച്ചിരുന്നു. ബറേലിയിലെ ആര്‍മി പബ്ലിക് സ്‌കൂള്‍, മരിയ ഗൊരെറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ബറേലിയാണ് തന്റെ നാട് എന്നാണ് പ്രിയങ്ക പറയാറുള്ളത്.

Content Highlights: PriyankaChopra Bollywood Actress Doctorate Bareilly University