മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പ്രിയങ്ക നായര്‍, ഏക കഥാപാത്രമുള്ള പരീക്ഷണാത്മക ചിത്രത്തില്‍ നായികയാവും. തിരുവനന്തപുരത്തു  ബാങ്കുദ്യോഗസ്ഥനായ  അഭിലാഷ് പുരുഷോത്തമന്റെ ഇതുവരെ പേരിടാത്ത ഫീച്ചര്‍ ഫിലിമില്‍ ഉടനീളം പ്രിയങ്ക നായര്‍ മാത്രമാണ് കഥാപാത്രമാകുന്നത്  .

നിത്യ മേനോന്‍ അഭിനയിച്ച 'പ്രാണ' എന്ന ചിത്രത്തിന് ശേഷം ഒരു സ്ത്രീ കഥാപാത്രത്തിന്റെ പിന്‍ബലത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യയില്‍നിന്നുള്ള രണ്ടാമത്തെ ഒറ്റ കഥാപാത്ര പരീക്ഷണമായിരിക്കും ഈ സിനിമ. ഏക കഥാപാത്ര  സിനിമകള്‍ സാധാരണയായി ഹൊറര്‍, ത്രില്ലര്‍ അല്ലെങ്കില്‍ അതിജീവന സ്വഭാവമുള്ളവയാണ്.

എന്നാല്‍ ഇവിടെ പൂര്‍ണമായും ഒരു വ്യക്തിയുടെ മാനസിക സംഘര്‍ഷങ്ങളാണ് ഇതിവൃത്തം. മുഖ്യകഥാപാത്രം  തന്റെ മാനസികാവസ്ഥയുടെ  വിവിധ ഘട്ടങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് സംവിധായകന്‍ അഭിലാഷ് പറയുന്നു. മുഴുവന്‍  കാഴ്ചക്കാര്‍ക്കും ആകര്‍ഷകമായ രീതിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  

രണ്ടു ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ അനന്തരഫലങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിത്. മൂന്നോളം  ഹ്രസ്വചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രാനുഭവമുള്ള സംവിധായകനായ അഭിലാഷ് തന്റെ അവധി ദിവസങ്ങളാണ് സിനിമക്കായി മാറ്റിവെക്കുന്നത്.

director
സംവിധായകന്‍ അഭിലാഷ് പുരുഷോത്തമന്‍, ഛായാഗ്രാഹകന്‍ പ്രതാപ് പി. നായര്‍, അസോസിയേറ്റ് ഛായാഗ്രാഹകന്‍ ജയന്‍ ഫെഡറിക് എന്നിവര്‍.

ഇടം, കെഞ്ചിറ എന്നീ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന  ചലച്ചിത്ര അവാര്‍ഡ് ലഭിച്ച പ്രതാപ് പി. നായരാണ്  ക്യാമറയ്ക്കു പിന്നില്‍. ജയരാജ് ചിത്രമായ പകര്‍ന്നാട്ടത്തിനു മികച്ച എഡിറ്റിംഗിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സോബിന്‍ കെ. സോമനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

നബീഹാ മൂവീസിന്റെ  ബാനറില്‍ നുഫയിസ് റഹ്മാന്‍ നിര്‍മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം സംസ്ഥാന അവാര്‍ഡ് ജേതാവായ പ്രതാപ് പി. നായരും എഡിറ്റിംഗ് സോബിനും. സംഗീതം: ദീപാങ്കുരന്‍ കൈതപ്രം, ഗാനങ്ങള്‍: ശ്യാം കെ വാരിയര്‍. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ആറോളം ഏക  കഥാപാത്ര ചിത്രങ്ങള്‍  മാത്രമാണ് ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതായി അറിയുന്നത്. ആര്‍. പാര്‍ഥിബന്റെ 'ഒത്ത സെരുപ്പ് സൈസ് 7' എന്ന സിനിമയാണ് ഒടുവിലായി എത്തിയ ഏക കഥാപാത്ര സിനിമ . രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനാവുന്ന ചിത്രമാണ് ഇത്തരത്തില്‍  പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. 

Content Highlights: Priyanka Nair to act in Abhilash Purushothaman Movie