രുപത്തിയഞ്ചാം ജെയിംസ് ബോണ്ട് ചിത്രം എന്നതു മാത്രമല്ല, ഡാനിയല്‍ ക്രെയ്ഗിന്റെ അവസാന ബോണ്ട് ചിത്രം എന്നതുകൂടിയാണ് നോ ടൈം ടു ഡൈയുടെ ഖ്യാതി. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ കൗതുകത്തോടെ കാത്തരിക്കുന്നത്  ഈ ചിത്രത്തിനുവേണ്ടി മാത്രമല്ല, ക്രെയ്ഗിനു ശേഷം ആരാവും ബോണ്ട് എന്നറിയാന്‍ കൂടിയാണ്. റിച്ചാര്‍ഡ് മാഡ്ഡെന്റെയും ഇദ്രിസ് എല്‍ബയുടെയും സിലിയന്‍ മര്‍ഫിയുടെയുമെല്ലാം പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിനിടെ അടുത്ത ബോണ്ട്, അതായത് അടുത്ത സീക്രട്ട് ഏജന്റ് 007 ഒരു പെണ്ണായിരിക്കുമെന്നും വാര്‍ത്ത വന്നു. നോ ടൈം ടു ഡൈവിയില്‍ ക്യാപ്റ്റന്‍ മാര്‍വലിലെ താരമായ ലഷാന ലിഞ്ച് ക്രെയ്ഗില്‍ നിന്ന് 007 സ്ഥാനം ഏറ്റെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ ലഷാനയെ 007 എന്നു വിശേഷിപ്പിക്കുന്ന ഒരു രംഗം തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ ഒരു പെണ്‍ ബോണ്ട് ഉണ്ടാകേണ്ടതിനെ കുറിച്ച് ഊന്നിപ്പറഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമായ പ്രിയങ്ക ചോപ്ര. പെണ്‍ ബോണ്ട് വേണമെന്നു മാത്രമല്ല, വേണമെങ്കില്‍ താന്‍ തന്നെ ബോണ്ടാകാന്‍ തയ്യാറാണെന്നും മെട്രോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

എന്നും ഒരു സ്ത്രീ ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. അത് ഈ ജന്മം തന്നെ നടക്കണമെന്നാണ് എന്റെ ആഗ്രഹം. എന്തായാലും എനിക്ക് ആ വേഷം ചെയ്യാന്‍ കഴിയില്ലല്ലോ-പ്രിയങ്ക പറഞ്ഞു.

ഏത് നടി ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്യുന്നത് കാണാനാണ് ആഗ്രഹമെന്ന ചോദ്യത്തിനാണ് ഞാന്‍ തന്നെ എന്ന് പ്രിയങ്ക ഉത്തരം നല്‍കിയത്. അത് സാധ്യമാവുമോ എന്നറിയില്ല. എങ്കിലും ഒരു സ്ത്രീയെ ആ വേഷത്തില്‍ കാണണമെന്ന ആഗ്രഹമുണ്ട്-പ്രിയങ്ക പറഞ്ഞു.

 ഡാനിയല്‍ ക്രെയ്ഗിന്റെ നാലാമത്തെ ബോണ്ട് ചിത്രമാണ് നോ ടൈം ടു ഡൈ. കാസിനോ റോയലായിരുന്നു ആദ്യ ചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫോള്‍, സ്‌പെക്ടര്‍ എന്നീ ചിത്രങ്ങള്‍ കൂടി ചെയ്തു.

ഷോണ്‍ കോണറിയും റോജര്‍ മൂറുമാണ് ഏറ്റവും കൂടുതല്‍ തവണ ജെയിംസ് ബോണ്ടിന്റെ വേഷമണിഞ്ഞത്. ഇരുവരും ഏഴ് ചിത്രങ്ങളില്‍ വീതം സീക്രട്ട് ഏജന്റ് 007 ആയി.

Content Highlights: Priyanka Chopra wants James Bond role as she calls for female 007 No Time to Die