പ്രിയങ്ക ചോപ്ര, പ്രിയങ്കയുടെ ബാല്യകാലത്തിൽ നിന്നുള്ള ചിത്രം | Photo: https:||www.instagram.com|priyankachopra|
വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോപ്ര എഴുത്തിടങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. 'അണ്‍ഫിനിഷ്ഡ്' എന്ന പുസ്തകത്തില്‍ തന്റെ കൗമാരകാലത്തെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രിയങ്ക.
അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ സ്‌കൂള്‍ പഠനം. ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്. സ്‌കൂളില്‍ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താന്‍ അഗാധപ്രണയത്തിലായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചു. ബോബിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക കുറിക്കുന്നു.
ബോബ് എന്നോടൊപ്പം വീട്ടിലേക്ക് വന്നു. ഞങ്ങള്‍ ഇരുവരും സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ നിഷ്‌കളങ്കമായി കൈകള്‍ ചേര്‍ത്ത് വച്ചായിരുന്നു ഇരുന്നിരുന്നത്. അപ്പോഴാണ് അമ്മായി പടികള്‍ കയറി വീട്ടിലേക്ക് കയറിവരുന്നത്. എനിക്ക് പേടിയും പരിഭ്രമവുമായി. ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. ഒടുവില്‍ ക്ലോസറ്റ് ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
അമ്മായി വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകം തുറന്ന് പഠിക്കുന്നതായി നടിച്ചു. എന്റെ മുറിയില്‍ വന്ന് എല്ലായിടത്തും പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ ക്ലോസറ്റിന്റെ വാതില്‍ തുറക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഭയന്ന് വിറച്ചു. അമ്മായിയാണെങ്കില്‍ കടുത്ത ദേഷ്യത്തിലും. വാതില്‍ തുറന്നപ്പോള്‍ ബോബ് പുറത്തേക്ക് വന്നു- പ്രിയങ്ക കുറിക്കുന്നു.
മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനായി 1999ലാണ് പ്രിയങ്ക ചോപ്ര ഇന്ത്യയിലേക്ക് മടങ്ങുന്നത്. മിസ് ഇന്ത്യ 2000 മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ലാറ ദത്തയായിരുന്നു ആ വര്‍ഷം മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുത്ത പ്രിയങ്ക കീരിടം ചൂടി. ലാറ മിസ് യൂണിവേഴ്‌സ് മത്സരത്തിലും വിജയിയായി.
(ക്ലോസറ്റ്- സാധനങ്ങള്‍ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന കബോര്‍ഡ് അല്ലെങ്കില്‍ വാര്‍ഡ്രോബ്)
Content Highlights: Priyanka Chopra once hid her boyfriend in her closet, unfinished book, love story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..