ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒമുങ് കുമാര്‍ 2014 ല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മേരി കോം. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് മേരി കോമിനെ അവതരിപ്പിച്ചത്. മണിപ്പൂരുകാരിയായ മേരി കോമായി പ്രിയങ്കയെത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും അഭിനേത്രിയെ പരിഗണിക്കാമായിരുന്നുവെന്നാണ് വിമര്‍ശകന്‍ പറഞ്ഞത്. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയങ്കയിപ്പോള്‍. വാനിറ്റി ഫെയറിന നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ അത്യാഗ്രഹിയായിരുന്നുവെന്നും അതുകൊണ്ടാണ് മേരി കോം ചെയ്തതെന്നും പ്രിയങ്ക പറയുന്നു. 

''മേരി കോം ചെയ്യുന്നതില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ ജീവിച്ചിരിക്കുന്ന പ്രതിഭയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. അവിടെ നിന്നുള്ള ഒരു അഭിനേത്രി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് മേരി കോം. സംവിധായകന്‍ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്കത് വിട്ടുകളയാന്‍ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോള്‍ ബോധ്യമുണ്ട്.''

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പ്രിയങ്ക കടുത്ത പരിശീലനത്തിലൂടെയാണ് കടന്നുപോയത്. അതെക്കുറിച്ചും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

''അഞ്ച് മാസങ്ങളോളം നീണ്ട പരിശീലനമായിരുന്നു. മേരിയുടെ വീട്ടില്‍ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. മേരിയുടെ മക്കളെയും ഭര്‍ത്താവിനെയും കണ്ടു സംസാരിച്ചു. ഒരു കായികതാരത്തിന്റെ രൂപഭാവം കൈവരിക്കുക എന്നത് അത്ര എളുപ്പമല്ല. മേരി കോം എനിക്ക് വലിയ ഒരുപാഠമായിരുന്നു. ''

Content Highlights: Priyanka Chopra on Mary Kom, Actor says someone from the northeast should have Boxing Champion, Mary Kom Film controversy