പ്രിയങ്ക ചോപ്ര-നിക്ക് ജോനാസ് വിവാഹം ബോളിവുഡിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ നടന്ന വിവാഹച്ചടങ്ങുകളിലൂടെ ജോധ്പുരില്‍ വച്ചാണ് ബോളിവുഡിന്റെ താരസുന്ദരി പ്രിയങ്കയെ ഹോളിവുഡ് ഗായകന്‍ നിക് ജോനാസ് സ്വന്തമാക്കിയത്. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ടു രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. 

ബോളിവുഡ് ഉറ്റു നോക്കിയ ഈ വിവാഹാഘോഷമേളയില്‍ വീണ്ടും താരമാകുകയാണ് പ്രിയങ്കയുടെ ഭാവി പ്രവചിച്ച ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനിയും അദ്ദേഹത്തിന്റെ പ്രവചനങ്ങളും നിര്‍ദ്ദേശങ്ങളും. 36-ാം വയസില്‍ പ്രിയങ്കയുടെ വിവാഹം നടക്കുമെന്ന് പതിമൂന്ന് വര്‍ഷം മുന്‍പ് പ്രവചിച്ച വ്യക്തിയാണ് ജുമാനി. ഇതിന് പുറമെ  45-ാം വയസില്‍ രാഷ്ട്രീയത്തില്‍ താല്പര്യം പ്രകടിപ്പിക്കുമെന്നും ഏറെക്കുറെ അതില്‍ വിജയിക്കുകയും ചെയ്യുമെന്നും ജുമാനി പ്രവചിച്ചിരുന്നു. ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ ഭാഗ്യ നമ്പര്‍ 9 ആണെന്നും ഈ സംഖ്യ പ്രിയങ്കയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും ജുമാനി പറയുന്നു.

ഇപ്പോള്‍ താര ദമ്പതിമാര്‍ക്ക് ദാമ്പത്യ സൗഖ്യവും വിജയവും കൈവരിക്കാന്‍ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ജുമാനി. ദാമ്പത്യ ഐക്യത്തിനായി പ്രിയങ്കയുടെ പേരിനൊപ്പം ജോനാസ് എന്ന് ചേര്‍ക്കണമെന്നാണ് ജുമാനിയുടെ പക്ഷം. 

'പതിമൂന്ന് വര്‍ഷം മുന്‍പ് ഫിലിംഫെയറിന് വേണ്ടി പ്രിയങ്കയുടെ വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ ഞാന്‍ പ്രവചിച്ചിരുന്നു. ഇപ്പോള്‍ എനിക്ക് ഈ നവദമ്പതികള്‍ക്ക്‌ നല്‍കാന്‍ ചില ഉപദേശങ്ങള്‍ ഉണ്ട്. പ്രിയങ്ക ചോപ്ര ഞാന്‍ പ്രവചിച്ച പോലെ തന്നെ മുപ്പത്തിയാറാം വയസില്‍ തന്നെ വിവാഹിതയായി. പ്രിയങ്കയുടെ ഭാഗ്യ നമ്പര്‍ 9 ആണ്. ചൊവ്വയാണ് അധിപന്‍. അതിനാല്‍ തന്നെ ഇവര്‍ ജീവിതത്തില്‍ മുന്‍പന്തിയില്‍ തന്നെ എത്തും. 9 ഭാഗ്യ നമ്പര്‍ ഉള്ളവര്‍ പോരാളികളാണ്. അതുകൊണ്ട് തന്നെ നേതൃനിരയില്‍ ഇവര്‍ക്ക് ശോഭിക്കാനാകും. 

45-ാം വയസില്‍ അവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുമെന്നും ഞാന്‍ പ്രവചിച്ചിരുന്നു. 18 വയസ്സിലാണ് പ്രിയങ്ക ലോക സുന്ദരി ആകുന്നത്. ഇരുപത്തിയേഴാമത്തെ വയസില്‍ ഫാഷന്‍, ദോസ്താന എന്നീ ചിത്രങ്ങള്‍ ചെയ്തു. അത് അവരെ ബോളിവുഡില്‍ ടോപ്പില്‍ എത്തിച്ചു. ഇത് രണ്ടും കൂട്ടുമ്പോള്‍ ലഭിക്കുന്നതും 9 എന്ന സംഖ്യയാണ്‌.

 

കന്നിരാശിക്കാരനാണ് നിക്ക് ജോനാസ്. ന്യൂമറോളജി പ്രകാരം  പ്രിയങ്കയുടേത് ആധിപത്യ മനോഭാവവും എടുത്തുചാട്ടവും ഉള്ള പ്രകൃതമാണ്. അതുകൊണ്ട് തന്നെ നിക്ക് അല്പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  ഭൂമിയും ജലവുമാണ് പഞ്ചഭൂതങ്ങളില്‍ ഇവരുടെ ചിഹ്നങ്ങള്‍, അതിനാല്‍ തന്നെ ഇരുവരും മികച്ച പങ്കാളികളായിരിക്കും. ഭുമിയും ജലവും പോലെ എന്നും ഒന്നിച്ചിരിക്കും. അവര്‍ തമ്മില്‍ ഒരുപാട് സാമ്യങ്ങളുമുണ്ട്. നിക്കിന്റെ പേരില്‍ നിന്ന് ലഭിക്കുന്ന സംഖ്യ 2 ആണ് പ്രിയങ്കയുടെ ചെല്ലപേരായ പീസി യില്‍ നിന്നും ലഭിക്കുന്നതും 2 തന്നെ. ഇരുവരും വിവാഹിതരായതും രണ്ടിന്.

യോഗയും പ്രാണായാമവും മെഡിറ്റേഷനുമാണ് ഞാന്‍ നിക്കിന് നിര്‍ദ്ദേശിക്കുന്നത്. പ്രിയങ്കയ്ക്ക് യോഗയും എക്‌സര്‍സൈസും. ഇത് പ്രിയങ്കയെ ശാന്തയാക്കാന്‍ സഹായിക്കും. പേരിന്റെ കാര്യം എടുത്തു പറയുകയാണെങ്കില്‍ പ്രിയങ്ക ചോപ്ര എന്ന പേര് ഇവരുടെ ദാമ്പത്യത്തിനു നല്ലതായി ഭവിക്കില്ല. അത് കൂട്ടുമ്പോള്‍ കിട്ടുന്ന നമ്പര്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവഞ്ചനയും ചതിയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ജോനാസ് എന്ന ഇനീഷ്യല്‍ പ്രിയങ്ക ചോപ്രയ്ക്കൊപ്പം ചേര്‍ത്താല്‍ ലഭിക്കുന്ന നമ്പര്‍ ഭാഗ്യം കൊണ്ടുവരും. അത് ജീവിത വിജയവും അംഗീകാരവും ഭാഗ്യവും സന്തോഷവും നിറഞ്ഞ ഭാവി സമ്മാനിക്കും. ജുമാനി പറയുന്നു 

Courtesy : Pinkvilla

Content Highlights : Priyanka Chopra Nick Jonas wedding Astrology Numerology Jumani predicted Pryanka's Future Thirteen Years Ago