പോളണ്ടിലെ യുക്രൈൻ അഭയാർത്ഥി ക്യാമ്പിലെത്തിയ നടി പ്രിയങ്കാ ചോപ്ര | ഫോട്ടോ: സ്ക്രീൻഗ്രാബ് | www.instagram.com/priyankachopra/
ബോളിവുഡ് താരം എന്നതിലുപരി യുനിസെഫ് ഗുഡ് വിൽ അംബാസഡർ കൂടിയാണ് പ്രിയങ്കാ ചോപ്ര. ഈയിടെ പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു അവർ. യുക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളിൽ നിന്ന് രക്ഷനേടി പോളണ്ടിലെത്തിയ അഭയാർത്ഥികളെ കാണാനായിരുന്നു ഈ സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ അവർ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അഭയാർത്ഥികൾക്കൊപ്പം താരം ഏറെനേരം ചെലവഴിച്ചു. സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികൾക്കൊപ്പം ചിത്രം വരയ്ക്കാനും കളിക്കാനുമെല്ലാം ഒപ്പംചേർന്നു. ചിലകുട്ടികൾ അവരുടെ കളിപ്പാട്ടങ്ങൾ നടിക്ക് നൽകുകയും അവയ്ക്ക് തങ്ങൾ പ്രിയങ്കയുടെ പേരാണ് നൽകിയിരിക്കുന്നതെന്നും പറഞ്ഞു. ഇതിനിടയിൽ അഭയാർത്ഥികൾ പറഞ്ഞ അനുഭവകഥകൾ കേട്ട് പ്രിയങ്ക കരയുകയും ചെയ്തു. ഇതിന്റെ വീഡിയോ അവർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതിർത്തി കടക്കുന്നവരിൽ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാർത്ഥ്യമാണ് എന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പലായനം ചെയ്തവരിൽ 70% പേരും പോളണ്ടിലേക്കാണ് അതിർത്തി കടന്നെത്തിയത്. അവരുടെ പരിവർത്തനം കഴിയുന്നത്ര എളുപ്പമാക്കാൻ വലിയ സർക്കാർ പിന്തുണയുള്ള സ്വീകരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം പ്രിയങ്ക ചോപ്ര തന്റെ അടുത്ത ഹോളിവുഡ് പ്രോജക്റ്റിനായി ഒരുങ്ങുകയാണ്. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ ഒരു പഞ്ചാബി സ്ത്രീയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..