രുപാട് വേഷങ്ങള്‍, ഒരുപാട് ജീവിതങ്ങള്‍ കണ്ടയാളാണ് ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര. എന്നാല്‍, മഷാവയെന്ന പതിനൊന്നു വയസ്സുകാരിയുടെ ജീവിതം കണ്ട് ശരിക്കും ഹൃദയം തകര്‍ന്നുപോയി പ്രിയങ്കയുടെ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തടയിടുക എന്ന ആശയത്തിന്റെ പ്രചരണാര്‍ഥം സിംബാവെയിലെത്തിയപ്പോഴാണ് മഷാവയെ പ്രിയങ്ക കാണുന്നത്. യുണിസെഫിന്റെ ഗ്ലോബല്‍ അംബാസിഡര്‍ കൂടിയാണ് പ്രിയങ്ക.

ഹരാരെക്കാരിയാണ് മഷാവ. രണ്ട് സഹോദരങ്ങളുടെയും ബന്ധുക്കളായ രണ്ട് കുട്ടികളുടെയും ചുമതലയാണ് പതിനൊന്നാം വയസ്സില്‍ മഷാവയുടെ ചുമലിലായത്. കുഞ്ഞുനാളില്‍ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. മുത്തശ്ശിയാണ് പിന്നീട് ഇവരെ പോറ്റിയത്. ഒരുദിവസം മുത്തശ്ശി പക്ഷാഘാതം വന്ന് കിടപ്പിലായതോടെ നാലു കുട്ടികളുടെയും സംരക്ഷണം കുട്ടിത്തം വിട്ടുമാറാത്ത മഷാവയുടെ ചുമലിലായി.

ചെറുപ്പത്തില്‍ തന്നെ അമ്മയുടെ ചുമതല ഏറ്റെടുക്കേണ്ടിവന്നതോടെ മഷാവ സ്‌കൂളില്‍പ്പോക്ക് അവസാനിപ്പിച്ചു. ഇനി തന്റെ സ്വപ്നങ്ങള്‍ക്കൊന്നും വലിയ പ്രസക്തിയില്ലെന്ന തിരിച്ചറിവാണ് സ്‌കൂള്‍ ഉപേക്ഷിക്കാന്‍ മഷാവയെ പ്രേരിപ്പിച്ചത്. പിന്നീട് കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനയി ജീവിതം. അവരുടെ കാര്യങ്ങള്‍ നോക്കിയും അവര്‍ക്കും മുത്തശ്ശിക്കും അന്നം കണ്ടെത്തിയും അവള്‍ ജീവിതത്തിന്റെ കഠിനവഴിയിലേയ്ക്ക് ഇറങ്ങി.

ജീവിതത്തിന്റെ ദൈന്യതയത്രയും അവളുടെ കണ്ണുകളിലെ ശൂന്യമായ നോട്ടങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. അവളുടെ ജീവിതം എന്താണെന്നും എന്താവുമെന്നും നമുക്ക് അതില്‍ വായിക്കാം. അത്രയും ധൈര്യവും ശക്തിയുമുണ്ടതില്‍. എന്റെ ഹൃദയം തകര്‍ന്നുപോകുന്നു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല-പ്രിയങ്ക അവരോടൊന്നിച്ചുള്ള ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സിംബാബ്വെയിലെ പലയിടങ്ങളും സന്ദര്‍ശിച്ച  പ്രിയങ്ക കുട്ടികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചിലവിട്ടു. അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ബോളിവുഡ് സുന്ദരിയെ തൊട്ടുനോക്കിയും തലമുടി തഴുകിയുമൊക്കെ സന്തോഷം  പങ്കിട്ടും കുട്ടികളും.

zimbave

priyanka

കലാപങ്ങള്‍, അവിഹിത ഗര്‍ഭങ്ങള്‍,  ശൈശവ വിവാഹങ്ങള്‍ എന്നിവ ആശങ്കാജനകമായ അവസ്ഥയിലാണെന്ന് പ്രിയങ്ക പറയുന്നു. ഇതുപോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ച് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഇതിനായി നമ്മുടെ മനസ്ഥിതിയാണ് മാറേണ്ടത്. നമുക്ക് കുട്ടികളെ ഉപഭോഗവസ്തുക്കളായി കാണാതിരിക്കാം. അവരെ സംരക്ഷിക്കാം, അവരാണ് നമുക്ക് ഭാവി-പ്രിയങ്ക പറഞ്ഞു.