ലോകത്തിലെ കരുത്തുറ്റ വനിതകളുടെ ലിസ്റ്റില്‍ നടി പ്രിയങ്ക ചോപ്രയും. സെലിബ്രിറ്റികള്‍ക്കിടയില്‍ ഫോബ്‌സ് മാസിക വര്‍ഷം തോറും നടത്തി വരാറുള്ള സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

സ്വന്തം ശ്രമങ്ങളിലൂടെ സമൂഹത്തില്‍ പരിണാമങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സെലിബ്രിറ്റികളായ നൂറു വനിതകളെയാണ് ഫോബ്‌സ് മാസിക ഈ വിഭാഗത്തില്‍ പരിഗണിക്കുന്നത്. നാലു ഇന്ത്യന്‍ വനിതകളെയാണ് ഇക്കുറി തെരഞ്ഞെടുത്തിരിക്കുന്നത്. എച്ച് സി എല്ലിന്റെ സി ഇ ഒ റോഷ്‌നി നഡാര്‍ മല്‍ഹോത്ര, വ്യവസായി കിരണ്‍ മസുംദര്‍ ഷാ, എച്ച് ടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്ടിയ എന്നിവരാണ് പ്രിയങ്കക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മറ്റു ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷവും ഇതേ പട്ടികയില്‍ പ്രിയങ്ക കേറിപ്പറ്റിയിരുന്നു.

പദ്മശ്രീയും ദേശീയ അവാര്‍ഡും സ്വന്തമാക്കിയ നടിയെന്നതിലുപരി യൂണിസെഫിന്റെ ഗുഡ്വില്‍ അമ്പാസിഡര്‍ കൂടിയായ പ്രിയങ്ക സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീ പുരുഷ സമത്വം, ഫെമിനിസം എന്നീ വിഷയങ്ങളിലും ശക്തമായി പ്രതികരിക്കാറുണ്ട്,താരം. 

ഇതിനിടെ, കഴിഞ്ഞ ദിവസം പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ച് ഒരു അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ പ്രിയങ്കയെ 'ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്' എന്നു വിശേഷിപ്പിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ നിരവധി വാര്‍ത്തളാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 

ലേഖനം വൈറലായതോടെ ബോളിവുഡ് ഒന്നടങ്കം പ്രതിഷേധവുമായി എത്തി. സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവര്‍ രൂക്ഷമായി വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കടുത്തതോടെ അവര്‍ വിവാദലേഖനം നീക്കം ചെയ്യുകയും മാപ്പു പറയുകയും ചെയ്തു.

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. താനിപ്പോള്‍ അതീവ സന്തോഷവതിയാണെന്നും ഇത്തരം കാര്യങ്ങള്‍ അലട്ടില്ലെന്നും നടി പറഞ്ഞു. 

Content Highlights : Priyanka Chopra in forbes 100 most powerful women list 2018, Priyanka Chopra Nick Jonas, forbes survey 2018