പുകമഞ്ഞില്‍ വലയുകയാണ് ഡെല്‍ഹി നിവാസികള്‍. വായുമലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യതലസ്ഥാനത്ത് ജനജീവിതം ദിനംപ്രതി ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഡെല്‍ഹിയിലെ രൂക്ഷമായ ജീവിത സാഹചര്യത്തെക്കുറിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വലിയ ചര്‍ച്ചയാവുകയാണ്. പുതിയ ചിത്രമായ ദി വൈറ്റ് ടൈഗറിന്റെ ചിത്രീകരണത്തിനായാണ് താരം ഡെല്‍ഹിയിലെത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഡെൽഹിയിലെ മോശം സ്ഥിതിയെ കുറിച്ച് തുറന്നു പറഞ്ഞത്. മാസ്‌ക്ക് ധരിച്ചു നില്‍ക്കുന്ന ചിത്രത്തിനോടൊപ്പമാണ് താരം ഡെല്‍ഹിയിലെ മോശം ജീവിതാവസ്ഥ പങ്കുവെച്ചത്. 

''മലിനീകരണം ഷൂട്ടിങ്ങിന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. എയര്‍ പ്യൂരിഫയറുകളും മാസ്‌ക്കുകളും ഉള്ളതിനാല്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. വീടില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കൂ. എല്ലാവരും സുരക്ഷിതരായിരിക്കൂ'' താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

എന്നാല്‍ താരത്തിന്റെ കരുതലിന് നന്ദി പറയുന്നതിനൊപ്പം വിമര്‍ശനങ്ങളും ശക്തമാകുകയാണ്. താനൊരു ആസ്മ രോഗിയാണെന്ന് താരം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ശ്വസിക്കാനുള്ള ഏവരുടെയും സ്വാതന്ത്രൃത്തിനായി ദീപാവലിക്ക് പടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യവുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയുടെ വിവാഹാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിച്ചതും ഭര്‍ത്താവ് നിക്കിനൊപ്പമുള്ള അവധിയാഘോഷത്തിനിടയില്‍ പുക വലിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതുമാണ് താരത്തിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തത്. താരത്തിനോട് ആദ്യം പുകവലിക്കുന്നത് നിര്‍ത്താനാണ് ഇവര്‍ ആവശ്യപ്പെടുന്നത് . എന്നിരുന്നാലും പ്രിയങ്ക പങ്കവച്ചിരിക്കുന്ന ആശങ്ക വലിയ വിപത്തിന്റെ ആരംഭമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Content Highlights : Priyanka Chopra gets trolled for her mask pic