വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോപ്ര എഴുത്തിടങ്ങളിൽ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെ. പെൻഗ്വിൻ റാൻഡം ഹൗസ് പുറത്തിറക്കിയ ഈ പുസ്തകം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും താരം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭർത്താവ് നിക്ക് ജോനാസുമൊത്ത് യുഎസിൽ താമസിക്കുന്ന പ്രിയങ്ക അവിടെ താൻ നേരിട്ട വംശീയാധിക്ഷേപത്തെക്കുറിച്ച് പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഇൻ മൈ സിറ്റി എന്ന തന്റെ ആൽബത്തിന്റെ റിലീസിന് പിന്നാലെയാണ് താൻ വംശീയാധിക്ഷേപത്തിന് ഇരയായതെന്ന് പ്രിയങ്ക പറയുന്നു. പ്രിയങ്ക ആദ്യമായി പാടിയ ആൽബമായിരുന്നു ഇൻ മൈ സിറ്റി.

ആദ്യ ​ഗാനം റിലീസ് ആകുന്നതിന്റെ ആവേശത്തിലിരുന്ന തനിക്ക് നേരിടേണ്ടി വന്നത് കടുത്ത വർ​ഗീയാധിക്ഷേപമായിരുന്നുവെന്ന് പറയുന്നു പ്രിയങ്ക.

ഇത്രയും വലിയൊരു വേദിയിൽ എന്റെ ആദ്യത്തെ ഗാനം പുറത്തിറക്കാനായതിന്റെ ആവേശം വംശീയ വിദ്വേഷ മെയിലുകളുടെയും ട്വീറ്റുകളുടെയും ഒരു കൊടുങ്കാറ്റിനാൽ നശിപ്പിക്കപ്പെട്ടു. ''ഇരുണ്ട നിറമുള്ള തീവ്രവാദി എന്തിനാണ് അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നത്, തിരിച്ച് മിഡിൽ ഈസ്റ്റിലേക്ക് പോകൂ ബുർഖ ധരിക്കൂ, തിരിച്ച് നിങ്ങളുടെ രാജ്യത്ത് ചെല്ലൂ കൂട്ട ബലാത്സംഗത്തിനിരയാകൂ..'' എന്നിങ്ങനെയായിരുന്നു സന്ദേശങ്ങൾ ഇന്നും എനിക്കിത് എഴുതാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നു.. പ്രിയങ്ക കുറിക്കുന്നു

Content Highlights :Priyanka Chopra About Facing Racism In The US In Her Book Unfinished